ടെഹ്റാൻ: തന്റെ പിതാവ് ആയത്തുല്ല അലി ഖമനേയിയെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയി. പിതാവിന്റെ രക്തം വീഴ്ത്തിയവരോട് പകരം ചോദിക്കുമെന്ന്, അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്ത് തങ്ങൾ ശപഥം ചെയ്തുവെന്ന് മൊജ്താബ വ്യക്തമാക്കി.
ശനിയാഴ്ച സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വിശദമായ പ്രസ്താവനയിലാണ് ഇറാന്റെ കടുത്ത നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. ഈ യുദ്ധത്തിൽ കൊല്ലപ്പെട്ട നേതാക്കളുടെയും സാധാരണ പൗരന്മാരുടെയും രക്തത്തിന് നീതി ഉറപ്പാക്കുമെന്നും, ആക്രമണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ രക്തസാക്ഷിയായ നേതാവിന്റെയും ഈ രണ്ടു യുദ്ധങ്ങളിലായി ജീവൻ നഷ്ടമായ എല്ലാ രക്തസാക്ഷികളുടെയും രക്തത്തിന് പ്രതികാരം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ ക്രൂരവും അപമാനകരവുമായ ആക്രമണത്തിന് ഉത്തരവാദികളായവരെ വിട്ടേക്കില്ല. പ്രതികാരം അനിവാര്യമായി നടപ്പിലാക്കപ്പെടും,” മൊജ്താബ പ്രസ്താവനയിൽ പറഞ്ഞു. അതുപോലെ ഈ നടപടി വ്യക്തിപരമായതല്ലെന്നും ഒരു രാജ്യത്തിന്റെ ചരിത്രപരമായ പ്രതിജ്ഞയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താനും മറ്റ് നേതാക്കളും ഉണ്ടായാലും ഇല്ലെങ്കിലും ഈ പ്രതികാരം നടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനും ഇറാഖും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടന്ന വൻ ജനകീയ അനുസ്മരണ പരിപാടികളിൽ പങ്കെടുത്ത ജനങ്ങളോട് മൊജ്താബ നന്ദി രേഖപ്പെടുത്തി. ടെഹ്റാൻ, ഖോം, നജഫ്, കര്ബല, മഷ്ഹദ് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ സാന്നിധ്യം ശത്രുവിനെ നടുക്കിയ ചരിത്രപരമായ ശക്തി പ്രകടനം ആണെന്ന് അദ്ദേഹം വിലയിരുത്തി. ഈ ഐക്യവും പിന്തുണയും ഇറാന്റെ മുന്നോട്ടുള്ള നീക്കങ്ങൾക്ക് ശക്തമായ അടിത്തറയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം ഫെബ്രുവരി 28-ന് ടെഹ്റാനിലെ ഓഫീസിൽ നടന്ന അമേരിക്ക- ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് അലി ഖമനേയി കൊല്ലപ്പെട്ടത്. മാസങ്ങൾക്ക് ശേഷം നടന്ന ഔദ്യോഗിക സംസ്കാര ചടങ്ങുകൾ മഷ്ഹദിലെ ഇമാം റസാ ദർഗയിൽ നടന്നു. ലക്ഷക്കണക്കിന് അനുയായികൾ നേതാവിന് അന്തിമ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഈ സംഭവമാണ് മേഖലയിൽ വീണ്ടും സംഘർഷം കനക്കാൻ കാരണമായ പ്രധാന ഘടകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിൽ നിന്ന് തന്റെ ജീവന് ഭീഷണി നിലനിൽക്കുന്നുവെന്ന് വീണ്ടും വ്യക്തമാക്കി. “എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഇറാനെ അവർ കണ്ടിട്ടില്ലാത്ത രീതിയിൽ ബോംബാക്രമണം നടത്താൻ ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,” എന്നാണ് ട്രംപ് ന്യൂയോർക്ക് പോസ്റ്റിനോട് പ്രതികരിച്ചു. ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതായി പറയപ്പെടുന്ന പുതിയ വധശ്രമ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ, അതിന് വ്യക്തമായ തെളിവുകളില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇറാൻ ഏറെക്കാലമായി തന്നെ ലക്ഷ്യമിടുന്നുണ്ടെന്നും ട്രംപ് ആവർത്തിച്ചു.
“ഞാൻ അവരുടെ പട്ടികയിൽ ഏറെ നാളായി ഒന്നാം സ്ഥാനത്താണ്. അത് ജീവിതത്തിന്റെ ഭാഗമാണ്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. “ഞാൻ ഇല്ലാതായാൽ നിങ്ങൾ എന്നെ ഓർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്നും അദ്ദേഹം പരിഹാസ രീതിയിൽ കൂട്ടിച്ചേർത്തു. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം അമേരിക്കയിലേക്ക് മടങ്ങുന്നതിനിടെ ട്രംപ് തന്റെ യാത്രാ പദ്ധതി പെട്ടെന്ന് മാറ്റിയിരുന്നു. വൈറ്റ് ഹൗസ് ഇത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
അതേസമയം ഇറാന്റെ പ്രതികാര പ്രഖ്യാപനവും അമേരിക്കയുടെ കടുത്ത മുന്നറിയിപ്പും പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥയെ കൂടുതൽ രൂക്ഷമാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള വൈരാഗ്യം ഉയരുന്ന സാഹചര്യത്തിൽ, ഭാവിയിൽ വലിയ സൈനിക-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന ആശങ്ക അന്താരാഷ്ട്ര സമൂഹത്തിൽ ശക്തമാകുകയാണ്.















































