കൊച്ചി: കുംഭമേളയിലൂടെ വൈറലായ യുവതിക്കും ഭർത്താവിനും അനുവദിച്ചിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു. ഇരുവരെയും കണ്ടെത്താൻ കഴിയുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. യുവതിയും ഭർത്താവും നൽകിയ വിലാസത്തിലും ഫോൺ നമ്പറിലും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഇത്തരത്തിൽ ബന്ധപ്പെടാനാകാത്തത് യുവതിയുടെ പതിവ് രീതിയാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. യുവതി വീണ്ടും സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം പൊലീസ് സുരക്ഷ നൽകിയാൽ മതിയെന്ന് കോടതി നിർദേശിച്ചു.
അതേസമയം, യുവതിയുടെ ഭർത്താവ് ഫർമാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ മഹേശ്വറിലെ പ്രത്യേക പോക്സോ കോടതി നേരത്തെ തള്ളിയിരുന്നു. നിലവിൽ കൊച്ചിയിൽ കഴിയുന്ന ഇരുവരും പൊലീസ് സംരക്ഷണം തുടരണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

















































