ബെംഗളൂരു: സ്കൂളിൽ നിന്ന് 30 രൂപ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് മാനസികമായി തളർന്ന എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ. കർണാടകയിലെ അനേക്കൽ സ്വദേശിനിയായ സർക്കാർ സ്കൂൾ വിദ്യാർഥിനിയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അനേക്കൽ സൂര്യനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്കൂളിൽ നടന്ന പണമോഷണവുമായി ബന്ധപ്പെട്ട് അധ്യാപകർ തെറ്റായി തന്നെ കുറ്റപ്പെടുത്തിയെന്നും എല്ലാവരുടെയും മുന്നിൽ അപമാനിച്ചെന്നും അതാണ് കടുത്ത മാനസിക വിഷമത്തിന് ഇടയാക്കിയതെന്നും കുറിപ്പിൽ പറയുന്നു.
സ്കൂളിൽ 20 രൂപയും 10 രൂപയും നഷ്ടമായ സംഭവത്തിൽ തനിക്കെതിരെയാണ് ആരോപണം ഉയർന്നതെന്നും അധ്യാപകർ ശകാരിക്കുകയും അപമാനിക്കുകയും ചെയ്തെന്നും കുറിപ്പിലുണ്ട്. “എനിക്ക് ഇനി ജീവിക്കാൻ അർഹതയില്ല. അമ്മയും സഹോദരങ്ങളും ക്ഷമിക്കണം. എന്റെ മരണത്തിന് അമ്മയെ ആരും ഉത്തരവാദിയാക്കരുത്. ഇത് എന്റെ സ്വന്തം തീരുമാനമാണ്,” എന്നതടക്കമുള്ള പരാമർശങ്ങളും കുറിപ്പിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
സംഭവസമയത്ത് വിദ്യാർഥിനിയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലായിരുന്ന അമ്മയെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. കുറിപ്പിൽ പരാമർശിക്കുന്നതുപോലെ അധ്യാപകരുടെ കുറ്റപ്പെടുത്തലും അപമാനിക്കലുമാകാം മരണത്തിന് കാരണമായതെന്നും, ഏതെല്ലാം അധ്യാപകരാണ് കുട്ടിയോട് അങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.


















































