കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ സഹോദരനായ ജയ്സണും ഭാര്യ റെയിനയുമാണ് പ്രതികൾ. പറവൂർ നന്ദികുളങ്ങരയിലാണ് സംഭവം. യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വ്യാപക ശ്രദ്ധ നേടിയിരുന്നു.
കാണാതായെന്ന് പരാതിപ്പെട്ട മാല പിന്നീട് വീട്ടിലെ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. പരാതിയിൽ പറഞ്ഞത് സ്വർണമാലയല്ല, മുക്കുപണ്ടമാണെന്ന് പൊലീസ് കണ്ടെത്തി.
സഹോദരിക്ക് നൽകാനുള്ള ഒരു ലക്ഷം രൂപ നൽകാതിരിക്കാൻ മാല മോഷ്ടിച്ചെന്ന വ്യാജ പരാതി ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായാണ് യുവതിയെ ക്രൂരമായി മർദിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

















































