പാലാ: ആറുമാസം പിന്നിട്ട പാലാ നഗരസഭാ ഭരണത്തിൽ കടുത്ത സ്തംഭനാവസ്ഥയെന്ന് ആരോപിച്ച് നഗരസഭാ ചെയർപേഴ്സണെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ചെയർപേഴ്സന്‍റെ പരിചയക്കുറവും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് നഗരസഭയെ പ്രതിസന്ധിയിലാക്കിയതെന്ന് എൽഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. മികച്ച വിദ്യാഭ്യാസം ഉണ്ടായിരിക്കാം, എന്നാൽ ഭരണരംഗത്ത് ആവശ്യമായ പരിചയം ചെയർപേഴ്സണില്ല. മിടുക്കിയായി ഭരണം നടത്താൻ ‘അപ്പന്റെ ദാഷ്ട്യം’ മാത്രം പോരെന്നും കൗൺസിലർമാർ പരിഹസിച്ചു.
തുടർനടപടികൾക്കായി ജോയിന്റ് ഡയറക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് കൈമാറിയതായി എൽഡിഎഫ് നേതാക്കൾ അറിയിച്ചു. ചട്ടപ്രകാരം 15 ദിവസത്തിനകം ഇതിന്മേൽ നടപടിയുണ്ടാകും. മറ്റ് നഗരസഭകളെല്ലാം ഫണ്ട് ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയപ്പോൾ പാലായിൽ ഒരു തരത്തിലുള്ള മഴക്കാലപൂർവ പ്രവർത്തനങ്ങളും നടന്നിട്ടില്ല. വികസന ഫണ്ട് വാർഡുകളിലേക്ക് വീതം വെക്കുന്നതിൽ കടുത്ത വിവേചനമാണ് കാണിക്കുന്നത്. ചില വാർഡുകൾക്ക് രണ്ട് ലക്ഷം രൂപ നൽകുമ്പോൾ മറ്റ് ചില വാർഡുകൾക്ക് അഞ്ചും ആറും ലക്ഷം രൂപ വരെ നൽകി സ്വന്തക്കാരെ സഹായിക്കുന്നു.
നഗരസഭയിലെ അതിപ്രധാനവും വിലപ്പെട്ടതുമായ ഔദ്യോഗിക ഫയലുകൾ ദുരൂഹമായ സാഹചര്യത്തിൽ നഷ്ടപ്പെടുന്നു. മുൻ ചെയർമാൻമാരും സീനിയറുമായ കൗൺസിൽ അംഗങ്ങൾക്ക് പോലും നഗരസഭാ കാര്യങ്ങളുമായി ബന്ധപ്പെട്ട് ചെയർപേഴ്സണോട് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്നും എൽഡിഎഫ് കൗണ്‍സിലർമാര്‍ പറഞ്ഞു. മുൻകാലങ്ങളിൽ വേനൽക്കാലത്ത് എല്ലാ വാർഡുകളിലും കുടിവെള്ളം കൃത്യമായി എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ കുടിവെള്ളം ആവശ്യപ്പെടുമ്പോൾ ‘അച്ഛനോട് പറയാൻ’ ആവശ്യപ്പെടുന്ന തരത്തിലുള്ള മറുപടിയാണ് ലഭിക്കുന്നത്.

















































