കണ്ണൂർ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. കായികരംഗത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ പോലും ട്രംപ് മാനിക്കുന്നില്ലെന്നും അദ്ദേഹത്തിന് സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലെന്നും ഇ.പി. ആരോപിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
ലോകകപ്പ് ഫുട്ബോളിനിടെ ചുവപ്പ് കാർഡ് കണ്ട് പുറത്തായ അമേരിക്കൻ താരത്തിന് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് വീണ്ടും കളിക്കാൻ അവസരം ലഭിച്ചെന്ന റിപ്പോർട്ടുകളെ പരാമർശിച്ചാണ് ഇ.പി. വിമർശനം ഉയർത്തിയത്. “ഇത് ഫുട്ബോൾ മത്സരമാണോ, യുദ്ധമാണോ?” എന്നും അദ്ദേഹം ചോദിച്ചു. സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഈജിപ്ത്–അർജന്റീന മത്സരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയായിരുന്നു പ്രതികരണം. മുൻ കായിക മന്ത്രിയായ ഇ.പി. ജയരാജൻ കടുത്ത ഫുട്ബോൾ ആരാധകൻ കൂടിയാണ്.
ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച യുഎസ് താരം ഫ്ലോറിയൻ ബലോഗണിന് ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടിവന്നിരുന്നു. എന്നാൽ ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കും തുടർചർച്ചകൾക്കുമൊടുവിൽ താരത്തിന് പ്രീക്വാർട്ടർ മത്സരത്തിൽ കളിക്കാൻ അനുമതി ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
സംഭവം വിവാദമായതോടെ ബെൽജിയം ഫുട്ബോൾ അസോസിയേഷനും യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കായിക രംഗത്തെ സ്വതന്ത്ര തീരുമാനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ അനുവദിക്കാനാവില്ലെന്നും ഫിഫ കായിക ധാർമികതയുടെ അതിരുകൾ ലംഘിച്ചുവെന്നുമാണ് യുവേഫയുടെ വിമർശനം. യുഎസ് താരത്തിനെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് മൂന്ന് തവണ ഇൻഫന്റിനോയെ ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
















































