മലപ്പുറം: എടരിക്കോട് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. മഞ്ചേരി എളങ്കൂർ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ, ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടി എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ നിന്ന് 1.24 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു. കുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
















































