ന്യൂഡൽഹി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരളം സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കർണാടക. സംസ്ഥാന അതിർത്തിയിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും ആവശ്യമായിടത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉറപ്പ് നൽകി.
ന്യൂഡൽഹിയിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായF നടത്തിയ കൂടിക്കാഴ്ചയിലാണ് കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഈ ഉറപ്പ് ലഭിച്ചത്.
കേരളത്തിന്റെ ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ’ വിജയകരമായി മുന്നേറുന്നതിന് കർണ്ണാടക മുഖ്യമന്ത്രി ഹൃദയപൂർവം അഭിനന്ദനം അറിയിച്ചുവെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടുവെന്നും രമേശ് ചെന്നിത്തല എക്സിൽ കുറിച്ചു.
ലഹരിക്കെതിരായ പോരാട്ടത്തിൽ കർണാടക സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകിയ ശിവകുമാർ, സംസ്ഥാനത്ത് പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും കേരള-കർണാടക പൊലീസ് സേനകൾ തമ്മിൽ മികച്ച ഏകോപനവും സഹകരണവും ഉറപ്പാക്കുമെന്നും വ്യക്തമാക്കി. തുടർനടപടിയുടെ ഭാഗമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ കേരളവുമായി പങ്കുവെക്കാൻ കർണാടക ചീഫ് സെക്രട്ടറിക്ക് അദ്ദേഹം ഉടൻ നിർദേശം നൽകുകയും ചെയ്തുവെന്നും രമേശ് ചെന്നിത്തല അറിയിച്ചു.



















































