ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. എച്ച്ഡിഎഫ്സി ബാങ്കിലെ പാർട്ടിയുടെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇവയിൽ ആകെ 440.42 കോടി രൂപ നിക്ഷേപമുണ്ടെന്ന് ഇഡി അറിയിച്ചു.
പാർട്ടി ഫണ്ടുകളിലൂടെ വൻതോതിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഇഡി വ്യക്തമാക്കി. സംഭവത്തിൽ മമതാ ബാനർജി ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെ തൃണമൂലിന്റെ അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഈ തുക ഉപയോഗിച്ച് കെയർവെൽ ഏവിയേഷൻ ഒരു എംബ്രയർ ലെഗസി 600 ബിസിനസ് ജെറ്റും അഗസ്ത 109 എസ്.പി ഹെലികോപ്റ്ററും വാങ്ങിയതായും, ഇതിനായി ഏകദേശം 112 കോടി രൂപ ചെലവഴിച്ചതായും ഇഡി വ്യക്തമാക്കി. പിന്നീട് ഈ വിമാനങ്ങളും ഹെലികോപ്റ്ററും തൃണമൂൽ കോൺഗ്രസിന് വാടകയ്ക്ക് നൽകിയെന്നും, വാടക ഇനത്തിലും വൻതുക വീണ്ടും കെയർവെല്ലിന്റെ അക്കൗണ്ടിലേക്ക് എത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ അഞ്ച് കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തി. കെയർവെൽ ഏവിയേഷനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. സാമ്പത്തിക ഇടപാടുകളുടെ ഉറവിടവും നിയമസാധുതയും സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് ഇഡി അറിയിച്ചു.


















































