കൂടല്‍: പത്തനംതിട്ടയിലെ വ്യാജ പീഡന പരാതിയില്‍ പൊലീസിനെതിരെ ആരോപണവുമായി കസ്റ്റഡിയിലെടുത്ത കുട്ടികളുടെ രക്ഷിതാക്കള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്തുവെന്നും കുട്ടികളോട് പൊലീസ് അപമാര്യാദയായി പെരുമാറിയെന്നും രക്ഷിതാക്കള്‍ പറയുന്നു. മക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിന് ശേഷം കോളറിന് കുത്തിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. വീട് വളഞ്ഞാണ് പൊലീസ് കുട്ടികളെ അറസ്റ്റ് ചെയ്തത്.
പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍ യൂണിഫോം ധരിച്ചിരുന്നില്ല. കുട്ടികള്‍ക്ക് മണിക്കൂറുകളോളം ഭക്ഷണം നല്‍കിയില്ല. കുറ്റമേറ്റെടുക്കാന്‍ പൊലീസ് കുട്ടികളെ നിര്‍ബന്ധിച്ചുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ് പൊലീസിനെതിരെ രംഗത്തുവന്നത്.
കുട്ടികള്‍ ആത്മഹത്യ ചെയ്യുമെന്ന ഭയത്തിലാണ് ഇവരിൽ പലരും. കുട്ടികള്‍ വലിയ മനോവിഷമത്തിലാണ്. അവര്‍ പഠിക്കാന്‍ പോകുന്നില്ലെന്ന് വിഷമത്തോടെ പറഞ്ഞു. തങ്ങള്‍ക്ക് നീതി വേണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.


















































