തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.എസ്.സി രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഗുരുതര പിഴവ്. പരീക്ഷയുടെ ചോദ്യപേപ്പറിൽ ചോദ്യങ്ങൾക്കൊപ്പം ഉത്തരങ്ങളും അച്ചടിച്ചാണ് വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. സംഭവത്തിൽ സർവകലാശാല പരീക്ഷാ വിഭാഗത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
സംഭവത്തിൽ പരീക്ഷാ കൺട്രോളർ ബോർഡ് ഓഫ് എക്‌സാമിനേഷനോട് വിശദീകരണം തേടിയിട്ടുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെയും അച്ചടിക്കുന്നതിന്റെയും ഏത് ഘട്ടത്തിലാണ് പിഴവ് സംഭവിച്ചതെന്ന് പരിശോധിക്കാനാണ് തീരുമാനം.
അതേസമയം, ഇത്തരമൊരു ഗുരുതര വീഴ്ച എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിശദീകരണം നൽകാൻ കേരള സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും, സംഭവത്തിന് പിന്നിലെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.

















































