തിരുവനന്തപുരം: കണ്ണൂരിൽ പാർട്ടി വിട്ട ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ സിപിഎമ്മിലേക്ക് തിരിച്ചുവരുന്നതിൽ തടസ്സമില്ലെന്ന എം.വി. ജയരാജന്റെ പരാമർശം തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അത് പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ലെന്നും, വ്യക്തിപരമായ അഭിപ്രായത്തിന് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘എം.വി. ജയരാജൻ പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്ന നിലയിൽ അല്ല സംസാരിച്ചത്. തെറ്റ് തിരുത്തുന്നവരെ പാർട്ടി തിരിച്ചെടുക്കുന്ന സമീപനമുണ്ട്. എന്നാൽ ഇവിടെ നടന്നത് വർഗവഞ്ചനയാണ്. ജി. സുധാകരനും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പുറത്തുപോയവരാണ്. വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്. അതിനാൽ അവർക്കെതിരായ വിമർശനം തുടരും,’ എം.വി. ഗോവിന്ദൻ പറഞ്ഞു.
സിപിഎമ്മിനുള്ളിൽ വിഭാഗീയതയുണ്ടെന്ന പ്രചാരണവും എം.വി. ഗോവിന്ദൻ തള്ളി. പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ എതിർചേരി രൂപപ്പെട്ടെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും അദ്ദേഹം പ്രതികരിച്ചു.
നേരത്തെ, തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരിച്ചുവരുന്നതിൽ തടസ്സമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ പറഞ്ഞത്. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനെപ്പോലും അവസാനകാലത്ത് പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്നും, നയപരമായ തെറ്റിന്റെ പേരിൽ ആരെയും സ്ഥിരമായി ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പയ്യന്നൂരിൽ മറ്റൊരാളെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ പാർട്ടി വിജയിക്കുമായിരുന്നുവെന്നും ജയരാജൻ പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി, താൻ ചെയ്ത തെറ്റ് എന്താണെന്ന് എം.വി. ജയരാജൻ വ്യക്തമാക്കട്ടെയെന്നും, അതിന് ശേഷമേ പ്രതികരിക്കാനാകൂവെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. താൻ മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പാർട്ടി തിരിച്ചറിഞ്ഞതെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















































