ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്ര ചടങ്ങുകളിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് ടെഹ്റാനിൽ എത്തിച്ചേർന്നത്. രണ്ടാം ദിവസത്തിലേക്ക് കടന്ന ചടങ്ങുകളിൽ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനെയി പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല.
ശനിയാഴ്ച മുതൽ അലി ഖമനെയിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്ന ടെഹ്റാനിലെ ‘ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല’യ്ക്ക് പുറത്ത് പുലർച്ചെ മുതൽ വലിയ ജനക്കൂട്ടമാണ് എത്തുന്നതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാവിലെ നടന്ന പ്രാർഥനാ ചടങ്ങുകളിലും വൻ ജനപങ്കാളിത്തമുണ്ടായതായി വാർത്താ ഏജൻസിയായ ഇർന പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ശനിയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ശാന്തമായ അന്തരീക്ഷത്തിലായിരുന്നു ഞായറാഴ്ചത്തെ ചടങ്ങുകൾ. ഫെബ്രുവരിയിൽ നടന്ന യുഎസ്–ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഖമനെയി കുടുംബത്തിലെ മറ്റ് നാല് അംഗങ്ങളുടെയും സംസ്കാര ചടങ്ങുകൾ ഇതിനോടൊപ്പം നടക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ദേശീയ ചടങ്ങുകളിലൊന്നായിട്ടും മൊജ്തബ ഖമനെയിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരിക്കുകയാണ്. അദ്ദേഹം ചടങ്ങുകളിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ ഉന്നത നേതാക്കളുടെ യാത്രാവിവരങ്ങൾ അവസാന നിമിഷം വരെ രഹസ്യമായി സൂക്ഷിക്കുന്നത് പതിവാണെങ്കിലും, പുതിയ പരമോന്നത നേതാവിന്റെ അസാന്നിധ്യം വിവിധ തരത്തിലുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിലാണ് 86-കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 36 വർഷത്തോളം അദ്ദേഹം ഇറാന്റെ പരമോന്നത നേതാവായിരുന്നു. ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടും വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരവുമായ മഷാദിൽ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതോടെ ഔദ്യോഗിക ചടങ്ങുകൾ സമാപിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാഖ് ഉൾപ്പെടെ അഞ്ച് നഗരങ്ങളിലായി ആറു ദിവസം നീളുന്ന വിപുലമായ അനുസ്മരണ പരിപാടികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.


















































