ന്യൂഡൽഹി: ഡൽഹിയിലെ ടിലംഗ്പുർ കൊട്‌ല ഗ്രാമത്തിൽ സംശയത്തെ തുടർന്നു ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. നിഷ (24), ഭർത്താവ് വിനയ് (28) എന്നിവരാണ് മരിച്ചത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന് പിന്നാലെയാണ് കൊലപാതകം.
അതേസമയം അഞ്ചുവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് 3 വയസിള്ള മകളുണ്ട്. ഏഴുമാസമായി കൊട്‍ലയിലെ വാടക വീട്ടിലായിരുന്നു മൂവരും താമസിച്ചിരുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വിനയ് അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷം കഴിച്ചു. പിന്നാലെ മകളെയും കൂട്ടി 100 മീറ്റർ അകലെയുള്ള അമ്മയുടെ വീട്ടിലേക്ക് പോയി കുഞ്ഞിനെ ഏൽപ്പിച്ചു. തുടർന്നു വൈകിട്ട് 6 മണിയോടെ താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് സഹോദരി പ്രിയയോട് ഇയാൾ പറഞ്ഞു. നിഷ ഫോണിൽ ആരോടോ സംസാരിച്ചതിൽ സംശയം തോന്നിയാണ് ആക്രമിച്ചതെന്നും വിനയ് സഹോദരിയോട് പറഞ്ഞു.
പിന്നാലെ പ്രിയയോട് നിഷയെ പോയി നോക്കാനും വിനയ് ആവശ്യപ്പെട്ടു. സഹോദരി വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിഷയെ കണ്ടത്. ഭയന്ന് വീട്ടിൽ നിന്ന് പുറത്തേയ്ക്ക് ഓടിയ പ്രിയ അയൽവാസികളെ വിവരം അറിയിച്ചു. തുടർന്ന് അവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നിഷയെയും വിനയിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
















































