കോഴിക്കോട്: തെറ്റ് തിരുത്താൻ തയ്യാറായാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരിച്ചുവരുന്നതിൽ തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനെപ്പോലും അവസാനകാലത്ത് പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്നും, നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ആരെയും സ്ഥിരമായി ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിലായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം.
പയ്യന്നൂരിൽ മറ്റൊരാളെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ വിജയിക്കാമായിരുന്നുവെന്നും എം.വി. ജയരാജൻ അഭിപ്രായപ്പെട്ടു. ഇതിനിടെ, താൻ ചെയ്ത തെറ്റ് എന്താണെന്ന് എം.വി. ജയരാജൻ വ്യക്തമാക്കട്ടെ, അതിന് ശേഷമേ മറുപടി പറയാനാകൂവെന്ന് വി. കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. താൻ നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പാർട്ടി തിരിച്ചറിഞ്ഞതെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വർഗ വഞ്ചകൻ’ എന്ന പ്രയോഗം പാർട്ടി ഭരണഘടനയിലുള്ളതാണെന്നും, ബന്ധപ്പെട്ടവർ നിലപാട് തിരുത്തിയാൽ പാർട്ടി അവരെ തള്ളിക്കളയില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിക്ക് സ്ഥാനാർഥി നിർണയത്തിലെ പോരായ്മയും ഒരു കാരണമായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തി.
പയ്യന്നൂരും തളിപ്പറമ്പും ഒരുപോലെ കാണാനാകില്ലെന്നും, പയ്യന്നൂർ എപ്പോഴും ജയിക്കാനാവുന്ന മണ്ഡലമാണെന്നും എം.വി. ജയരാജൻ പറഞ്ഞു. എന്നാൽ തളിപ്പറമ്പിലെ സാഹചര്യം ഇപ്പോൾ വ്യത്യസ്തമാണെന്നും, എസ്.ഐ.ആറിന് ശേഷം അവിടെ യുഡിഎഫിന് മേൽക്കൈ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ടി.കെ. ഗോവിന്ദനെ വീട്ടിൽ സ്വീകരിച്ച വിനോദിനിയുടെ നടപടിയെയും എം.വി. ജയരാജൻ വിമർശിച്ചു. ഒരാൾ വീട്ടിലെത്തിയാൽ പുറത്താക്കാൻ കഴിയില്ലെങ്കിലും, അദ്ദേഹത്തെ സ്വീകരിച്ച് ആ നിലയിൽ പരിഗണിച്ചത് ശരിയായ നടപടിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


















































