കാസർകോട്: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ തുറന്നടിച്ച് സിപിഐ രംഗത്ത്. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്ന് സിപിഐ നേതാവ് പി പി സുനീർ പ്രതികരിച്ചു. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ലെന്നും പിഎം ശ്രീ യിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും സുനീർ ചൂണ്ടിക്കാട്ടി.
അതുപോലെ പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഐഎം വ്യക്തമാക്കണമെന്നും സുനീർ പറഞ്ഞു. അതേസമയം ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്താൻ നേരത്തെ തന്നെ സിപിഐ തീരുമാനിച്ചിരുന്നു. ഇന്നലെ കണ്ണൂരിൽ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തിലായിരുന്നു പിണറായിയുടെ പ്രതികരണം. അത് അടഞ്ഞ അദ്ധ്യായമാണെന്നും അവർ ചോദിച്ചുകൊണ്ടേയിരിക്കുമെന്നുമായിരുന്നു പിണറായി പ്രതികരിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവിന്റെ പരാമർശം തങ്ങളെ അപമാനിക്കുന്നതാണെന്നാണ് സിപിഐ വിലയിരുത്തൽ. സിപിഎമ്മിൻറെ ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്നും പാർട്ടിയിൽ അഭിപ്രായമുയർന്നിരുന്നു. പിണറായിക്ക് മറുപടി നൽകണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് പി പി സുനീറിന്റെ പ്രതികരണം.
ഇതിനിടെ എൽഡിഎഫ് മുന്നണി യോഗം ചേരാത്തതിലും വിവാദം പുകയുകയാണ്. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐ ആവശ്യപ്പെടുമെന്ന് കണ്ടാണ് മുന്നണി യോഗം വിളിക്കാത്തതെന്നാണ് ആരോപണം. എന്നാൽ എൽഡിഎഫ് കൺവീനർ അസുഖ ബാധിതനായി ചികിത്സയിലായിരുന്നെന്നും അദ്ദേഹം തിരിച്ചു വന്ന പശ്ചാത്തലത്തിൽ ഉടൻ മുന്നണി യോഗം ചേരുമെന്നുമാണ് ഇതിനു പിണറായി വിജയന്റെ വിശദീകരണം.


















































