വാഷിങ്ടൺ: കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിനായി അമേരിക്ക ഇറാന് ഒരാഴ്ചത്തെ അവധി നൽകിയെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മൗണ്ട് റഷ്മോറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം.
‘ഞങ്ങൾ ഇറാനെ കഠിനമായി ആക്രമിച്ചു. അവർ ഒത്തുതീർപ്പിന് തയ്യാറായിരിക്കുന്നു. ഞങ്ങൾ നല്ലവരും മനുഷ്യത്വം ഉള്ളവരുമായതുകൊണ്ട് ഒരു സംസ്‌കാര ചടങ്ങിന് അവർക്ക് ഒരാഴ്ചത്തെ അവധി നൽകി’ പ്രസിഡന്റ് ജനക്കൂട്ടത്തോട് പറഞ്ഞു.
ഇറാൻ നേതൃത്വത്തിന്റെ ആത്മവിശ്വാസം അമേരിക്ക തകർത്തുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. വെനസ്വേലയിലും അമേരിക്ക വേഗത്തിൽ വിജയം നേടിയെന്ന് ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമാണ് അമേരിക്കയ്ക്കുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയും റെക്കോർഡ് വളർച്ചയിലാണെന്ന് ട്രംപ് പറഞ്ഞു.
വിദേശ നിക്ഷേപം വൻതോതിൽ എത്തിയെന്നും പുതിയ ഫാക്ടറികൾ രാജ്യത്തിലുടനീളം സ്ഥാപിക്കുകയാണെന്നും തീരുവ നയങ്ങളാണ് ഈ വളർച്ചയ്ക്ക് കാരണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾ ഇറാനിൽ തുടരുകയാണ്. ലക്ഷക്കണക്കിനാളുകൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് ഇറാൻ അധികൃതരുടെ വിലയിരുത്തൽ. ചടങ്ങുകൾ അടുത്ത ദിവസങ്ങളിൽ വിവിധ നഗരങ്ങളിലായി തുടരും.
















































