കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽമീഡിയയിലൂടെ പ്രചരിക്കപ്പെടുന്ന ഓഡിയോ വിവാദത്തെക്കുറിച്ചും പിഷാരടി പ്രതികരിച്ചു. ഓഡിയോ ചോർന്നതല്ല, മനപ്പൂർവം പുറത്തുവിട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. “ഓഡിയോയുടെ ക്ലാരിറ്റി കേട്ടാൽ തന്നെ അത് ലീക്കായതല്ല, റിലീസ് ചെയ്തതാണെന്ന് മനസ്സിലാകും. അത് വ്യക്തിപരമായി എന്നെ വേദനിപ്പിച്ചിട്ടുണ്ട്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു അധികാരസ്ഥാനത്തും കടിച്ചുതൂങ്ങാൻ തനിക്ക് താൽപര്യമില്ലെന്നും, സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇതുവരെ ശ്രമിച്ചതെന്നും പിഷാരടി പറഞ്ഞു. അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്നും എല്ലാവരുമായും ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടി ശ്വേത മേനോൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ വെറും ആരോപണങ്ങൾ മാത്രമാണെന്നും, അത്തരം ആരോപണങ്ങൾ ഉന്നയിച്ചവർ തന്നെ അവ തെളിയിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും പിഷാരടി പറഞ്ഞു.
അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കോടതി ഉത്തരവിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ ഉത്തരവ് വന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ആ വിഷയത്തിൽ കൂടുതൽ നിയമപോരാട്ടത്തിന് താൻ തയ്യാറല്ലെന്നും സംഘടനയെ വീണ്ടും കോടതിവഴക്കുകളിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
















































