ഇസ്‌ലാമാബാദ്: പാകിസ്താനിൽ ആശുപത്രികൾ കേന്ദ്രീകരിച്ച് വൻതോതിൽ മറുപിള്ള (Placenta) കള്ളക്കടത്ത് നടന്നതായി അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. പ്രായമാകുന്നത് തടയുമെന്ന അവകാശവാദത്തോടെ വിപണിയിലെത്തുന്ന ചില സൗന്ദര്യവർധക വസ്തുക്കളുടെ നിർമ്മാണത്തിന്, പ്രത്യേകിച്ച്, പ്രായമാകുന്നതു തടയാനുള്ള കുത്തിവയ്പ് മരുന്നുകളുടെ നിർമാണത്തിനായാണ് മറുപിള്ള സംസ്കരിച്ച് വിദേശത്തേക്ക് കടത്തുന്നതെന്നാണ് പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയായ എഫ്.ഐ.എയുടെ കണ്ടെത്തൽ.
പ്രതിമാസം രാജ്യത്തെ വിവിധ ആശുപത്രികളിൽ നിന്ന് ഏകദേശം 200 കിലോഗ്രാം മറുപിള്ള ശേഖരിച്ച് കടത്തുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആശുപത്രികളിൽ നിന്ന് ശേഖരിച്ച മറുപിള്ള ഉണക്കി പ്രത്യേക രീതിയിൽ സംസ്കരിച്ച ശേഷമാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.
കഴിഞ്ഞയാഴ്ച ഇസ്‌ലാമാബാദിൽ നടത്തിയ റെയ്ഡിൽ 500 കിലോയോളം മറുപിള്ള അന്വേഷണസംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വീടിനുള്ളിൽ ട്രോളികളിൽ നിരത്തി വെച്ച ട്രേകളിൽ ഉണങ്ങിയ നിലയിൽ സൂക്ഷിച്ചിരുന്ന മറുപിള്ളകളുടെ ചിത്രങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പുറമെ, ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയിരുന്ന 100 കിലോഗ്രാം മറുപിള്ളയും പിടിച്ചെടുത്തു.
റാവൽപിണ്ടിയിലെയും ഇസ്‌ലാമാബാദിലെയും ആശുപത്രികളിൽ നിന്ന് ഒരു മറുപിള്ളയ്ക്ക് ഏകദേശം 800 രൂപ നൽകിയാണ് പ്രതികൾ വാങ്ങിയിരുന്നതെന്ന് പാകിസ്താൻ ഹ്യൂമൻ ഓർഗൻ ട്രാൻസ്പ്ലാന്റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥ ഹിന കൻവാൾ വ്യക്തമാക്കി. പിന്നീട് ഇവ സംസ്കരിച്ച് അന്താരാഷ്ട്ര വിപണിയിൽ വൻലാഭത്തിന് വിൽക്കുകയായിരുന്നു.
ഈ മറുപിള്ള ഉപയോഗിച്ച് നിർമ്മിക്കുന്നതായി അവകാശപ്പെടുന്ന പ്രായം കുറയ്ക്കുന്ന കുത്തിവയ്പുകൾക്ക് ഒരു ഡോസിന് ഏകദേശം ഏഴ് ലക്ഷം രൂപ വരെ വില ഈടാക്കുന്നതായും എഫ്.ഐ.എ അറിയിച്ചു. എന്നാൽ ഇത്തരം ചികിത്സകളുടെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട തെളിവുകൾ പരിമിതമാണെന്നും നിരവധി ഉൽപ്പന്നങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇസ്‌ലാമാബാദിന് പുറമെ ലഹോർ, പെഷാവർ, റാവൽപിണ്ടി എന്നിവിടങ്ങളിലും ഈ കള്ളക്കടത്ത് ശൃംഖല സജീവമാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. രാജ്യവ്യാപകമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ആശുപത്രികളിൽ നിന്ന് മനുഷ്യ ജൈവമാലിന്യങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ച് വിദേശത്തേക്ക് കടത്തുന്ന സംഘത്തിന്റെ മുഴുവൻ ശൃംഖലയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എഫ്.ഐ.എ അറിയിച്ചു.
















































