തെഹ്‌റാൻ: ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖാമനേയിയുടെ ദീർഘകാല ശവസംസ്കാര ചടങ്ങുകൾക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, ഇറാന്റെ പരാ മിലിട്ടറി വിഭാഗമായ റെവല്യൂഷണറി ഗാർഡിനെ നയിക്കുന്ന ശക്തനായ ജനറൽ അഹമ്മദ് വാഹിദി ഒളിവിൽ നിന്നു പുറത്തുവന്നതായി റിപ്പോർട്ടുകൾ.
ഇറാൻ സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രങ്ങളിൽ, ഖാമനേയിയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട യോഗത്തിൽ വാഹിദി പങ്കെടുക്കുന്നതും തുടർന്ന് തെഹ്‌റാനിലെ അദ്ദേഹത്തിന്റെ മുൻ വസതിക്ക് സമീപം നടന്ന സ്വകാര്യ അനുസ്മരണച്ചടങ്ങിൽ ശവപെട്ടിക്കരികിൽ ഇരിക്കുന്നതും കാണാം.
അമേരിക്കയുമായി നടക്കുന്ന യുദ്ധത്തിന് ശാശ്വത പരിഹാരം കാണാനുള്ള ചർച്ചകളിൽ ഇറാന്റെ കടുത്ത നിലപാട് രൂപപ്പെടുത്തുന്നതിൽ വാഹിദി പ്രധാന പങ്കുവഹിക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. ഫെബ്രുവരി 28-ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പരുക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖാമനെയിയുമായി നേരിട്ടുള്ള ബന്ധമുള്ള ചെറിയ സംഘത്തിലെ അംഗമാണ് അദ്ദേഹം എന്നാണ് കരുതുന്നത്
അതേസമയം ഫെബ്രുവരി 8-ന് ശേഷം ഇതാദ്യമായിട്ടാണ് വാഹിദി പൊതുജനങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇറാൻ യുദ്ധം തുടങ്ങുന്നതിന് ഏതാനും ആഴ്ചകൾ മുമ്പ് മുതൽ അദ്ദേഹം പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഖാമനേയിയുടെ വസതിയോട് ചേർന്ന ഹുസൈൻനിയയിൽ നടന്ന അനുസ്മരണച്ചടങ്ങിന്റെ ദൃശ്യങ്ങൾ സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കത്തിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ഖാമനേയിയും കുടുംബാംഗങ്ങളിൽ ചിലരും കൊല്ലപ്പെട്ടത്.
അതേസമയം ഖമനേയിയുടെ ചടങ്ങിനിടെ, ചുവന്ന തുലിപ്പൂക്കൾ അലങ്കരിച്ച വേദിയിൽ ശവപെട്ടി വെച്ചിരുന്നതും മുകളിൽ പേപ്പർ ശലഭങ്ങൾ തൂക്കിയിരുന്നതും ദൃശ്യങ്ങളിൽ കാണാം. കറുത്ത വസ്ത്രം ധരിച്ചെത്തിയ ദുഃഖിതർ, യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളാണെന്ന് മാധ്യമങ്ങൾ വ്യക്തമാക്കി. ശവപെട്ടിയിൽ തൊടാൻ സ്കാർഫുകളും മറ്റ് വസ്തുക്കളും എറിഞ്ഞ് അനുഗ്രഹം തേടുന്ന പതിവ് ചടങ്ങിനിടയിൽ നടന്നു.
പിന്നീട്, “യാ ഹുസൈൻ” എന്ന അറബി എഴുത്തുള്ള ചുവന്ന പതാക കൊണ്ട് ശവപെട്ടി മൂടിയ നിലയും കാണിച്ചു. ഈ പതാക ഇറാഖിലെ കർബലയിൽ ഉള്ള ഇമാം ഹുസൈൻ പള്ളി മുകളിലിരുന്ന പതാകയാണ്. അന്യായമായി കൊല്ലപ്പെട്ടവരുടെ രക്തസാക്ഷിത്വവും പ്രതികാരത്തിന്റെ ആഹ്വാനവും ഈ പതാക പ്രതിനിധീകരിക്കുന്നു.
ശനിയാഴ്ച മുതൽ ആരംഭിക്കുന്ന ഖാമനേയിയുടെ ശവസംസ്കാരം നിരവധി ദിവസങ്ങൾ നീണ്ടുനിൽക്കും. അദ്ദേഹത്തിന്റെ മൃതദേഹം ഇറാനിലെയും അയൽരാജ്യമായ ഇറാഖിലെയും വിവിധ നഗരങ്ങളിലൂടെ കൊണ്ടുപോകും. തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിലാണ് പ്രധാന ചടങ്ങുകൾ ആരംഭിക്കുക. ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിൽ നഗരത്തിലെ പല റോഡുകളും അടച്ചിടുകയും സാധാരണ ജീവിതം നിയന്ത്രിക്കുകയും ചെയ്യും. പാശ്ചാത്യ രാജ്യങ്ങളെതിരെ കടുത്ത നിലപാടോടെ ദശാബ്ദങ്ങളോളം ഇറാനെ നയിച്ച ഖാമനേയിയുടെ വിടവാങ്ങൽ ചടങ്ങുകൾ രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
















































