കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. പ്രസിഡന്റ് ശ്വേത മേനോൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നിലവിലെ ഭരണസമിതി തുടർന്നും പ്രവർത്തിക്കാമെന്നും കോടതി വ്യക്തമാക്കി.
അമ്മയുടെ ഭരണനിർവഹണം അഡ്ഹോക് കമ്മിറ്റിക്ക് ഏറ്റെടുക്കാൻ നിയമപരമായ അധികാരമില്ലെന്നാണ് ശ്വേതയുടെ വാദം. ഇന്നാണ് അവർ കോടതിയെ സമീപിച്ചത്.
ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ടരാജി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. എന്നാൽ, ശ്വേത ഉൾപ്പെടെയുള്ളവർ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം രമേഷ് പിഷാരടിയും കെ.ബി. ഗണേഷ് കുമാറും വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ പ്രതികരിച്ച ശ്വേത മേനോൻ, അമ്മയുടെ ബൈലോ പ്രകാരം രാജിവെച്ച ഭരണസമിതിയാണ് പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ചുമതലയിൽ തുടരേണ്ടതെന്നും അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്നും നിലപാട് ആവർത്തിച്ചു. ഇതേ വാദം ഉന്നയിച്ചാണ് അവർ കോടതിയെ സമീപിച്ചത്.
















































