ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അൽവാൽ സ്വദേശിനിയായ രേണുക (26)യാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് ലങ്കർ ഹൗസിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ രേണുക നഗരത്തിലെ ഒരു റെസ്റ്റോറന്റിലും പബ്ബിലും ജീവനക്കാരിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് രേണുകയും സയ്യദ് മുനവർ അലി എന്ന യുവാവും ഹോട്ടലിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാത്രി 10.30ഓടെ യുവാവ് ഹോട്ടലിൽ നിന്ന് മടങ്ങി. തുടർന്ന് രേണുക മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. രാത്രി 11.56ഓടെ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിയതായും രേഖകളിലുണ്ട്.
തുടർന്ന് ഒരു സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് യുവതി മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊബൈൽ ഫോണും പോലീസ് പരിശോധിക്കുന്നുണ്ട്. യുവതിക്കൊപ്പം ഹോട്ടലിലെത്തിയ സയ്യദ് മുനവർ അലിയെ ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.

















































