ടെഹ്റാൻ: യുഎസ്–ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്ക് വമ്പിച്ച ഒരുക്കങ്ങളുമായി ഇറാൻ. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക അനുസ്മരണ ചടങ്ങായിരിക്കുമിതെന്നാണ് സർക്കാർ വിലയിരുത്തൽ. ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലെ അഞ്ച് നഗരങ്ങളിലായി ആറുദിവസം നീളുന്ന ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ശനിയാഴ്ച ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർഥനാ സമുച്ചയത്തിൽ ഖമേനിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് തിങ്കളാഴ്ച ടെഹ്റാൻ നഗരവീഥികളിലൂടെ വൻ വിലാപയാത്ര സംഘടിപ്പിക്കും.
ജൂലൈ ഏഴിന് ഭൗതികശരീരം പുണ്യനഗരമായ കോമിലേക്ക് കൊണ്ടുപോകും. അവിടെ നടക്കുന്ന അനുസ്മരണ ചടങ്ങുകൾക്ക് ശേഷം ഇറാഖിലെ ഷിയാ വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിലേക്കും എത്തിക്കും. ജൂലൈ ഒൻപതിന് വടക്കുകിഴക്കൻ ഇറാനിലെ മഷാദിൽ, ഖമേനിയുടെ ജന്മനാടിനടുത്ത് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
ഇറാനകത്തും വിദേശത്തുനിന്നുമായി ഒന്നരക്കോടി മുതൽ രണ്ട് കോടി വരെയുള്ള ആളുകൾ ചടങ്ങുകളിലും വിലാപയാത്രയിലും പങ്കെടുക്കുമെന്നാണ് ഔദ്യോഗിക കണക്ക്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ്, സുരക്ഷാസേന, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയ്ക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
റഷ്യ, ചൈന, പാകിസ്ഥാൻ, ഇന്ത്യ, ജോർജ്ജിയ, ക്യൂബ എന്നിവ ഉൾപ്പെടെ മുപ്പതിലധികം രാജ്യങ്ങളിൽനിന്നുള്ള ഉന്നത പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 90 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ മതനേതാക്കളും അനുസ്മരണ ചടങ്ങുകളുടെ ഭാഗമാകുമെന്നാണ് ഇറാൻ അറിയിച്ചത്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇസ്ലാമാബാദ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ നടക്കുന്ന ഈ വമ്പൻ അനുസ്മരണച്ചടങ്ങ് മേഖലയിലെ നയതന്ത്ര ചർച്ചകൾക്കും ഭൗമരാഷ്ട്രീയ നീക്കങ്ങൾക്കും നിർണായക വേദിയാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.


![അനാശാസ്യം; ഓൺലൈൻ വഴി പരസ്യം ചെയ്ത് ആവശ്യക്കാരെ അടുപ്പിച്ചു; ]ബെംഗളൂരുവിൽ പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; പശ്ചിമബംഗാൾ അതിർത്തിവഴി ഇന്ത്യയിലേയ്ക്ക് അതിർത്തി കടന്നെത്തിയവർ](https://pathramonline.com/wp-content/uploads/2026/07/karnataka-police-360x180.gif)

































![അനാശാസ്യം; ഓൺലൈൻ വഴി പരസ്യം ചെയ്ത് ആവശ്യക്കാരെ അടുപ്പിച്ചു; ]ബെംഗളൂരുവിൽ പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; പശ്ചിമബംഗാൾ അതിർത്തിവഴി ഇന്ത്യയിലേയ്ക്ക് അതിർത്തി കടന്നെത്തിയവർ](https://pathramonline.com/wp-content/uploads/2026/07/karnataka-police-120x86.gif)











