പോലീസുകാരെ നോക്കുകുത്തികളാക്കി മഹുവ മൊയ്ത്രയ്ക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം, നാല് മണിക്കൂർ പാർട്ടി ഓഫീസിൽ കുടുങ്ങി, പ്രവർത്തകർ ആക്രമിച്ചത്, മുട്ട, കല്ല്, മണ്ണ് എന്നിവയായി!! ദൃശ്യങ്ങൾ പങ്കുവച്ച് തൃണമൂൽ കോൺഗ്രസ് എംപി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ നദിയ ജില്ലയിലെ കലിഗഞ്ചിൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ബിജെപി അനുയായികളെന്ന് ആരോപിക്കുന്ന ഒരു സംഘം ആളുകൾ മുട്ട, മണ്ണ്, കല്ലുകൾ എന്നിവയുമായി ആക്രമിച്ചതോടെ മൊയ്ത്ര ഏകദേശം നാല് മണിക്കൂറോളം പാർട്ടി ഓഫീസിനുള്ളിൽ കുടുങ്ങിയ നിലയിലായി. പലവട്ടം സഹായം അഭ്യർത്ഥിച്ചിട്ടും പോലീസ് ഇടപെട്ടില്ലെന്നാണ് എംപിയുടെ ആരോപണം. ബുധനാഴ്ചയാണ് സംഭവം നടന്നത്
ഇതിന്റെ ദൃശ്യങ്ങൾ മൊയ്ത്ര എക്സ്, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചിട്ടുണ്ട്. ഓഫീസിന്റെ ജനലുകൾ വഴി പ്രതിഷേധക്കാർ മുട്ട, മണ്ണ്, കല്ലുകൾ എറിയുന്നതും ഒരു മുട്ട മൊയ്ത്രയെ തട്ടുന്നതും വീഡിയോയിൽ കാണാം. വൈകിട്ട് ആറുമണിയോടെ പോലീസിന്റെ അകമ്പടിയോടെയാണ് അവരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയത്.
അതേസമയം തൃണമൂൽ പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ മൊയ്ത്രക്കെതിരെ ദേശീയപാതയിൽ കറുത്ത കൊടികൾ കാട്ടിയും ‘ഗോ ബാക്ക്’, ‘തീഫ്’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധം നടന്നതായും റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാർക്ക് എണ്ണം ഓരോ നിമിഷവും കൂടിക്കൊണ്ടിരുന്നുവെന്നും സ്ഥിതി നിയന്ത്രണാതീതമായിരുന്നുവെന്നും മൊയ്ത്ര ആരോപിച്ചു.
“നാല് മണിക്കൂറിലധികം പോലീസ് നോക്കി നിൽക്കുമ്പോൾ നിയന്ത്രണമില്ലാത്ത ബിജെപി പ്രവർത്തകർ അഴിഞ്ഞാടിയത്. ഓരോരുത്തരും ബിജെപി പ്രവർത്തകരായിരുന്നു,” എന്നാണ് മൊയ്ത്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഫേസ്ബുക്ക് ലൈവിൽ തൃണമൂൽ പതാക ഉയർത്തിപ്പിടിച്ച് അവർ ആക്രമണത്തിനിടെ നിലകൊള്ളുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, പോലീസിന്റെ അനാസ്ഥ ആരോപണം നിഷേധിച്ച് കൃഷ്ണനഗർ എസ്പി അതുൽ വി പ്രതികരിച്ചു. വിവരം ലഭിച്ച ഉടൻ പോലീസ് സ്ഥലത്തെത്തിയതായും മൊയ്ത്രയോട് പലതവണ സുരക്ഷിതമായി പുറത്ത് പോകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാൽ ചർച്ചകൾക്ക് ശേഷമാണ് വൈകിട്ട് ആറുമണിയോടെ എംപി പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയും ശക്തമായി പ്രതികരിച്ചു. തെരഞ്ഞെടുക്കപ്പെട്ട എംപിക്കെതിരായ ആക്രമണവും ഹൈക്കോടതി നിർദ്ദേശങ്ങൾ നിലനിൽക്കെ പോലീസിന്റെ മൗനവും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് രാഷ്ട്രീയ ഭീഷണിപ്പെടുത്തലിന്റെ ഭാഗമാണെന്നും അധികാരം ശാശ്വതമല്ലെന്ന മുന്നറിയിപ്പും നൽകി.
ഇതിനിടെ, ദുർഗാപൂരിൽ തൃണമൂൽ രാജ്യസഭാംഗം ഡോളാ സെനിനെതിരെ ബിജെപി പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം കറുത്ത കൊടി പ്രതിഷേധം നടത്തി. ദുർഗാപൂർ സ്റ്റീൽ പ്ലാന്റിൽ തൃണമൂൽ തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. “ഡോക്ടേഴ്സ് ഡേ ദിനത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പോലും പങ്കെടുക്കാൻ എനിക്ക് അവകാശമില്ലേ?” എന്ന് ഡോളാ സെൻ പ്രതികരിച്ചു. സംഭവങ്ങൾക്കെതിരെ രാഷ്ട്രീയ ആരോപണ- പ്രത്യാരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Hello @IPUparliament
please watch how police in Indian state of Bengal watch complicit as PM Modi’s ruling BJP goons in a lynch mob attack my premises & keep me confined for 4 hours. No protection for Opposition MP from @loksabhaspeaker pic.twitter.com/0d5NsGboCM— Mahua Moitra (@MahuaMoitra) July 2, 2026
















































