താരസംഘടന ‘അമ്മ’യുടെ ഭരണസമിതിയിലെ പൊട്ടിത്തെറി കൂട്ടരാജിയിൽ കലാശിച്ചു. ജനറൽ ബോഡി യോഗത്തിലെ വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്കൊടുവിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചത്. റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകളുണ്ടായതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അതേസമയം ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. 17 അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. അതേസമയം കൂട്ടരാജിയിൽ പ്രതികരിച്ച് മുതിർന്ന നടൻ ചാലി പാലാ രംഗത്തെത്തി. സ്വന്തം അമ്മയെ പോലെയാണ് സംഘടനയെ കണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ സംഘടനയിൽ ഇപ്പോൾ സംഭവിച്ച കാര്യങ്ങൾ നോക്കുമ്പോൾ ഏറെ വേദനയുണ്ട്. പരസ്പര സഹകരണത്തോടെ കഴിഞ്ഞവർ ചിതറിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
“സ്വന്തം അമ്മയ്ക്ക് തുല്യമായാണ് അമ്മ സംഘടനയെ കണ്ടിരുന്നത്. ചങ്ക് പൊടിയുകയാണ് സത്യത്തിൽ. എല്ലാവരും പരസ്പരം സ്നേഹത്തോടെയും സഹകരണത്തോടെയുമാണ് ഇത്രയുംനാളും കഴിഞ്ഞിരുന്നത്. ഇപ്പോൾ എല്ലാം അങ്ങോട്ടുമിങ്ങോട്ടും ചിതറിപ്പോയി. തെങ്ങിൽനിന്ന് തേങ്ങ ചാണകത്തിൽ വീണതുപോലെയായി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പൊറുക്കാൻ പറ്റാത്ത ഒരുതെറ്റും ആരും ചെയ്തിട്ടില്ല. എല്ലാം നമ്മുടെ വീട്ടിൽ ഒതുങ്ങേണ്ട കാര്യങ്ങളാണ്. അത് നാടും നാട്ടുകാരും അറിയേണ്ട കാര്യമില്ല.” ചാലി പാലാ പറഞ്ഞു.
അതേസമയം കുറ്റാരോപിതരായ ആളുകളുടെ കയ്യിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും പാവകളായിരിക്കാൻ തയ്യാറല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അമ്മ സംഘടനയിൽ നിന്ന് ശ്വേത മേനോൻ രാജിവെച്ചത്. എന്നാൽ ഇതിനെ തള്ളി നടൻ ബാബുരാജും രംഗത്തെത്തി.














































