ചെറുപുഴ: കണ്ണൂർ ജില്ലയിലെ ഉയർന്ന വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ട്രക്കിങ്ങിനിടെ ഇടിമിന്നലേറ്റു യുവതിക്ക് ദാരുണാന്ത്യം. പുളിങ്ങോം വില്ലേജ് ഓഫിസ് ജീവനക്കാരി കൊല്ലാടയിലെ അഞ്ജു മാത്യു (30) ആണ് മരിച്ചത്. വൈകുന്നേരം ആറു മണിയോടെ മഴയോടുപ്പമുണ്ടായ ശക്തമായ ഇടിമിന്നലിലാണു അപകടം. സംഭവസമയത്ത് അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നു. സോനു സെബാസ്റ്റ്യനും പുറമെ ഫോറസ്റ്റ് വാച്ചർ സനീഷിനും ഇടിമിന്നലേറ്റു. ഇരുവരേയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിനു തടസമായതോടെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അഞ്‌ജുവിനെയും ഭർത്താവ് സോനുവിനേയും കരുവൻചാൽ സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഞ്ജുവിന്റെ ജീവൻ അപകടസ്ഥലത്തുനിന്നെ നഷ്ടപ്പെട്ടിരുന്നു. ഫോറസ്റ്റ് വാച്ചർ സനീഷ് ആലക്കോട് സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.













































