കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയോട് 172 ചോദ്യങ്ങൾക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മറുപടി തേടിയത്. ലഭ്യമായ രേഖകൾ, മൊഴികൾ, ആദായനികുതി വകുപ്പിന്റെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെയും (എസ്എഫ്ഐഒ) കണ്ടെത്തലുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
2017 മുതൽ 2021 വരെ രണ്ട് കമ്പനികളിൽ നിന്ന് എക്സാലോജിക്കിന് ലഭിച്ച 2.78 കോടി രൂപയുടെ കൺസൾട്ടൻസി ഫീസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക്, ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തമായ അറിവില്ലെന്നായിരുന്നു വീണയുടെ മറുപടി. കൺസൾട്ടൻസി ബിസിനസുമായി ബന്ധപ്പെട്ട രേഖകൾ ബെംഗളൂരു ഓഫീസിലാണുള്ളതെന്നും, അന്നത്തെ പല കാര്യങ്ങളും ഇപ്പോൾ ഓർമയില്ലെന്നുമാണ് പല ചോദ്യങ്ങൾക്കും അവർ വിശദീകരണം നൽകിയത്.
വീണയുടെ മൊഴിയും ഇതുവരെ ശേഖരിച്ച തെളിവുകളും മറ്റ് സാക്ഷിമൊഴികളും തമ്മിൽ പരിശോധിക്കുന്ന നടപടികൾ ഇ.ഡി ആരംഭിച്ചിട്ടുണ്ട്. പണം നൽകിയ സിഎംആർഎൽ കമ്പനിയുടെ ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും മൊഴികളുമായി വീണയുടെ വിശദീകരണങ്ങൾ താരതമ്യം ചെയ്ത് പരിശോധിക്കാനാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം.
സിഎംആർഎൽ ഉടമ എസ്.എൻ. ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്തയുടെയും മകൾ ഷിബി എസ്. കർത്തയുടെയും മൊഴികൾ കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അതേസമയം, എക്സാലോജിക്കിന്റെ ബെംഗളൂരു ഓഫീസിൽ നിന്ന് എസ്എഫ്ഐഒ ശേഖരിച്ച രേഖകൾ വീണ്ടും വിശദമായി പരിശോധിച്ച ശേഷമാകും ടി. വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുക. കേസിന്റെ തുടർ അന്വേഷണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.


















































