ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂൺ 20ന് ജന്തർ മന്ദറിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായിട്ടാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന ആവശ്യവും സംഘടന കത്തിലൂടെ ആവർത്തിച്ചിട്ടുണ്ട്. നീറ്റ് പുഃനപരീക്ഷ നടക്കാനിരിക്കെ സമീപ ദിവസങ്ങളിൽ 11 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കത്തിൽ പരാമർശിക്കുന്നുണ്ട്. അവസാന 48 മണിക്കൂറിനുള്ളിൽ മാത്രം അഞ്ച് വിദ്യാർഥികളാണ് ജീവനൊടുക്കിയത്. വിദ്യാഭ്യാസത്തിനായി വായ്പയെടുത്തും സമ്പാദ്യം വിനിയോഗിച്ചും പഠിപ്പിച്ച കുടുംബങ്ങൾ ഈ മരണത്തോടെ തീർത്തും ദരിദ്രാവസ്ഥയിലായെന്നും, ഇവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യം കഴിഞ്ഞ ഒരു മാസമായി ഉന്നയിച്ചുവരുന്നുണ്ടെന്നും ഭരണതലത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ദിപ്‌കെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ ചിത്രം ദീപ്കെ തന്റെ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുനഃപരീക്ഷകളെക്കുറിച്ചുള്ള അനിശ്ചിതത്വം വിദ്യാർഥികളിൽ കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്നുണ്ടെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും സംഘടന മുന്നറിയിപ്പ് നൽകി.





















































