തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി. ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 10.30ഓടെയാണ് വീണ എത്തിയത്. ഭർത്താവ് മന്ത്രി മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഹാജരായത്.
സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇഡി വിശദീകരണം തേടും. നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ കൂടുതൽ സമയം തേടിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരണ് എസ്. കർത്തയെയും സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്തയെയും ഇഡി ചോദ്യം ചെയ്തിരുന്നു. രാവിലെ 10.15ഓടെയാണ് ഇരുവരും ഇഡി ഓഫീസിൽ എത്തിയത്.
വീണയുടെ എക്സാലോജിക് സ്ഥാപനത്തിന് എന്ത് സേവനത്തിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയത്, സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ എന്തൊക്കെയാണെന്നതടക്കമുള്ള കാര്യങ്ങളാണ് ശരണ് എസ്. കർത്തയിൽ നിന്ന് ഇഡി തേടിയത്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യയിൽ നിന്ന് വീണയ്ക്ക് 50 ലക്ഷം രൂപ വായ്പയായി നൽകിയിരുന്നു. ഈ വായ്പയുടെ പശ്ചാത്തലവും തിരിച്ചടവുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ജയ കർത്തയിൽ നിന്ന് ഇഡി തേടിയത്.

















































