മധ്യപ്രദേശ്: ഭർത്താവിന്റെ ക്രൂര പീഡനത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട യുവതി കഴുത്തിൽ ചങ്ങലയുമായി ആറു കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ ഭർത്താവ് സർദാർ സിംഗ് തൻവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 10-ന് രാത്രി മദ്യപിച്ചെത്തിയ സർദാർ സിംഗ് ഭാര്യ മംഗീഭായ് തൻവാറുമായി വഴക്കിടുകയും തുടർന്ന് മരക്കൊമ്പും വടിയും ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതിപ്പെടാനായി വീട്ടിൽ നിന്ന് ഇറങ്ങിയ യുവതിയെ വഴിമധ്യേ തടഞ്ഞ ഇയാൾ വീണ്ടും മർദിച്ച് ബലമായി വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി.
തുടർന്ന് യുവതിയുടെ കഴുത്തിൽ ഇരുമ്പ് ചങ്ങലയിട്ട് വീട്ടിലെ തൂണിൽ പൂട്ടിയിടുകയും മണിക്കൂറുകളോളം തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. ചൂടാക്കിയ ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളലേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ഏകദേശം 24 മണിക്കൂറോളം തടവിൽ കഴിഞ്ഞ യുവതിയെ പിന്നീട് പരാതി പിൻവലിപ്പിക്കാൻ പഞ്ചായത്ത് വിളിച്ച് സമ്മർദത്തിലാക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ ഭർത്താവ് പുറത്തുപോയ സമയം പ്രയോജനപ്പെടുത്തി സമീപത്ത് കിട്ടിയ കല്ല് ഉപയോഗിച്ച് പൂട്ടുതകർത്ത് യുവതി രക്ഷപ്പെടുകയായിരുന്നു. കഴുത്തിൽ ചങ്ങലയുടെ ഭാഗവും പൂട്ടും തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ കാട്ടുപാതകളിലൂടെയും പാടങ്ങളിലൂടെയും നടന്നാണ് അവർ ഖിൽച്ചിപൂർ പൊലീസ് സ്റ്റേഷനിലെത്തിയത്.
രാത്രി പത്ത് മണിയോടെ സ്റ്റേഷനിലെത്തിയ യുവതിയെ കണ്ട് പൊലീസ് ഉദ്യോഗസ്ഥർ അമ്പരന്നു. തുടർന്ന് ചങ്ങല നീക്കം ചെയ്ത് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ ശരീരത്തിൽ മർദനത്തിന്റെയും പൊള്ളലിന്റെയും പാടുകൾ കണ്ടെത്തി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തു.















































