സാവോ പൗളോ: ബ്രസീലിൽ സാഹസിക വിനോദത്തിനിടെ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയിൽ 21 കാരിക്ക് ദാരുണാന്ത്യം. ബഞ്ചി ജമ്പിംഗ് നടത്തുന്നതിനിടെ സുരക്ഷാ കയർ ഘടിപ്പിക്കാതെ ജീവനക്കാർ പാലത്തിൽ നിന്ന് തള്ളിയതിനെ തുടർന്നാണ് മരിയ എഡ്വാർഡ റോഡ്രിഗസ് ഡി ഫ്രെയ്റ്റാസ് (21) കൊല്ലപ്പെട്ടത്. ബ്രസീലിലെ സാവോ പൗളോ സംസ്ഥാനത്തിലെ ലൈമിറ നഗരത്തിലുള്ള “പോന്തെ ദോ എസ്കെലേറ്റോ” (Skeleton Bridge) ട്രെയിലിൽ ശനിയാഴ്ചയായിരുന്നു സംഭവം.
സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കാതെ ബഞ്ചി ജമ്പിംഗിനായി യുവതിയെ പാലത്തിൽ നിന്ന് താഴേക്ക് എടുത്തെറിയുകയായിരുന്നു. ഏകദേശം 40 മീറ്റർ ഉയരത്തിൽ നിന്ന് വീണതിനെ തുടർന്ന് യുവതി സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരിക്കുന്നുണ്ട്. വീഡിയോയിൽ മൂന്ന് ജീവനക്കാർ ചേർന്ന് “സൂപ്പർമാൻ” സ്റ്റൈലിൽ യുവതിയെ എടുത്ത് പാലത്തിന്റെ അരികിലേക്ക് കൊണ്ടുപോകുകയും പിന്നീട് താഴേക്ക് എടുത്തെറിയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് കാണുന്നത്. യുവതി താഴേക്ക് വീണതിന് പിന്നാലെ “കയർ… കയർ” എന്ന് നിലവിളിക്കുന്ന ശബ്ദവും കേൾക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
സാക്ഷികളുടെ മൊഴിപ്രകാരം, യുവതി ചാടിയതിന് ശേഷമാണ് സുരക്ഷാ കയർ ബന്ധിപ്പിച്ചിട്ടില്ലെന്ന കാര്യം ജീവനക്കാർ തിരിച്ചറിഞ്ഞത്. ബ്രസീൽ മിലിറ്ററി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും ഈ വീഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന് മുൻപ് യുവതി ആക്ടിവിറ്റി കേന്ദ്രത്തിൽ നിന്നുള്ള ചിത്രങ്ങളും, പങ്കെടുക്കുന്നവർക്ക് നൽകിയ തിരിച്ചറിയൽ ബാൻഡുകളും, ജീവനക്കാരോടൊപ്പമുള്ള ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
സംഭവത്തെ തുടർന്ന് ആറുപേരെ പോലീസ് ചോദ്യം ചെയ്യലിന് വിധേയരാക്കി. തുടർന്ന് 27, 32, 42 വയസുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സുരക്ഷാ ഉപകരണങ്ങൾ ശരിയായി ഘടിപ്പിച്ചിരുന്നില്ലെന്നും, അടിയന്തര മെഡിക്കൽ സേവന വിഭാഗമായ SAMU യുവതിയുടെ മരണം സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ മരണ സാധ്യത അറിയാമായിരുന്നിട്ടും അപകടകരമായ പ്രവൃത്തിയിൽ ഏർപ്പെട്ടെന്നു കാണിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.
Shocking😳: 21yo woman d!ed in Brazil after bungee jump operators forgot to attach her safety rope and pushed her off a 40m bridge.
Video shows her free-falling straight down. 6 operators arrested for negligence.
pic.twitter.com/EO6pyF0c94— Ghar Ke Kalesh (@gharkekalesh) June 14, 2026















































