കോഴിക്കോട്: ഷിഗല്ല പിടിപെട്ട് സംസ്ഥാനത്ത് വീണ്ടും ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴ് വയസുകാരനാണ് മരണത്തിനു കീഴടങ്ങിയത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. ഈ മാസം 12നാണ് പനിയും വയറിളക്കത്തേയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരത്തെ കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്. എൽകെജി വിദ്യാർത്ഥിനിയായിരുന്നു നിളെ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു നിളയുടേയും മരണം. ഇതിനിടെ മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്കും ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ മൂന്നുവയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ നില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. പയ്യോളി സ്വദേശിയായ 9വയസുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. തുറയൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത്.
അതേസമയം 110ൽ അധികം പേർക്കാണ് ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 54 പേർക്കാണ് രോഗം ബാധിച്ചത്. 2025 ൽ 132 പേർക്കാണ് ഷിഗല്ല രോഗം ബാധിച്ചത്. 2024ൽ 121 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2023ൽ 90 പേർക്കും 2022ൽ 83 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വർഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
രോഗ ലക്ഷണങ്ങൾ
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുക. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക.















































