തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ സൗജന്യ യാത്രാ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി പദ്ധതിയുടെ ലക്ഷ്യം സ്ത്രീ ശാക്തീകരണമാണെന്ന് ഗതാഗത മന്ത്രി സി. പി ജോൺ വ്യക്തമാക്കി. എഐസിസി വിഭാവനം ചെയ്ത ചരിത്രപരമായ തീരുമാനമാണ് ഇതെന്നും, പുതുയുഗ യാത്രയുടെ സമാപന വേളയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പദ്ധതിയാണ് ഇന്ന് സഫലമായതെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക സഹായം മാത്രമല്ല, സ്ത്രീകളുടെ സാമൂഹിക നില മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “എത്ര ധനാഢ്യയായ സ്ത്രീയാണെങ്കിലും അതേ സാമൂഹിക വിഭാഗത്തിലെ പുരുഷന്റെ പിന്നിലായാണ് ഇന്നും സ്ഥാനം” എന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, കുടുംബങ്ങളിലടക്കം നിലനിൽക്കുന്ന ഈ അസമത്വം മാറ്റാനാണ് സ്ത്രീ ശാക്തീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഇതിനിടെ “കുടുംബത്തിലെ ബൂർഷ്വാസി പുരുഷനും വർക്കിംഗ് ക്ലാസ് സ്ത്രീയുമാണ്; ഗോവിന്ദൻ മാഷിനൊക്കെ ഈ പ്രയോഗം ഇഷ്ടപ്പെടുമായിരിക്കും”. തമാശ കലർത്തി മന്ത്രി പറഞ്ഞു.
വിദ്യാർത്ഥി രാഷ്ട്രീയ കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച മന്ത്രി, അന്നത്തെ സമരരീതികളെക്കുറിച്ചും തുറന്നുപറഞ്ഞു. കെഎസ്ആർടിസി ബസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ നിന്ന് ഉത്തരവാദിത്വം ഒഴിഞ്ഞുമാറുന്നില്ലെന്നും, ടയറുകളിൽ അള്ള് വെച്ച് കാറ്റ് കളയുന്നതും ബസുകൾ തകർക്കുന്നതും അന്നത്തെ സമരമുറകളുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അതൊക്കെ ശരിയായിരുന്നോയെന്ന് ചിന്തിക്കേണ്ടി വരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസിയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. നെടുങ്കണ്ടത്തേക്കുള്ള 12 മണിക്കൂർ ദൈർഘ്യമുള്ള ഫാസ്റ്റ് പാസഞ്ചർ യാത്രകളും, വിദ്യാർത്ഥി നേതാവായിരുന്ന കാലത്ത് എറണാകുളം ബസ് സ്റ്റാൻഡിൽ പുലർച്ചെ ബസിനായി കാത്തിരുന്ന് പേപ്പർ വിരിച്ച് ഉറങ്ങിയ അനുഭവങ്ങളും അദ്ദേഹം ഓർമിച്ചു.
അതേസമയം, പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നതിൽ മന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചു. എല്ലാ എംഎൽഎമാരെയും നേരിൽ കണ്ട് ക്ഷണിച്ചിട്ടും സഹകരണം ലഭിച്ചില്ലെന്നും, അവസാന നിമിഷമെങ്കിലും പ്രതിപക്ഷം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.















































