സിഡ്നി: ഈ വർഷത്തെ ഐപിഎല്ലിൽ എണ്ണംപറഞ്ഞ ലോകോത്തര ബോറർമാരുടെയെല്ലാം പേടിസ്വപ്നമായിരുന്നു ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയം വൈഭവ് സൂര്യവംശി. ഇപ്പോഴിതാ വൈഭവിനെ പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമിൻസ് നടത്തിയ കമെന്റ് വൈറലാവുകയാണ്. 15 വയസ്സുള്ള വൈഭവ് സ്കൂളിൽ പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കമിൻസ് തമാശരൂപേണ പറഞ്ഞു.
ഐപിഎലിൽ സൺറൈസേഴ്സ് ക്യാപ്റ്റനായ കമിൻസിനെതിരെ വൈഭവ് തകർപ്പൻ ബാറ്റിങ് പ്രകടനമാണു നടത്തിയത്. സൺറൈസേഴ്സിനെതിരെയാണ് രാജസ്ഥാൻ താരം സീസണിലെ വേഗതയേറിയ സെഞ്ചുറി നേടിയത്. തൊട്ടുപിന്നാലെ നേർക്കുനേർ വന്നപ്പോൾ 29 പന്തിൽ 97 റൺസും വൈഭവ് അടിച്ചുകൂട്ടി. വൈഭവ് കളിക്കുമ്പോൾ പിഴവുകൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് കമിൻസ് ഒരു ഓസ്ട്രേലിയൻ മാധ്യമത്തിലെ ചർച്ചയ്ക്കിടെ പറഞ്ഞു.
‘‘അദ്ദേഹം ഒരു പ്രതിഭയാണ്. പന്തിനു മുകളിലുള്ള അദ്ദേഹത്തിന്റെ വമ്പനടികൾ മനോഹരമാണ്. ഒരു 15 വയസുകാരൻ പയ്യൻ ഇങ്ങനെ കളിക്കുന്നത് കാണേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല. പ്രായം 30 ആയാലും 15 ആയാലും അദ്ദേഹം വളരെ നന്നായി പന്തുകൾ നേരിടുന്നുണ്ട്. വൈഭവ് ഹൈസ്കൂളിൽ പോകേണ്ടതായിരുന്നെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ എനിക്ക് അവനെതിരെ പന്തെറിയേണ്ടി വരില്ലായിരുന്നു. വൈഭവിന് പിഴവുകളുണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്. വൈഭവിനെതിരെ പന്തെറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്.’’– പാറ്റ് കമിൻസ് പറഞ്ഞു.
അതേസമയം ഐപിഎലിൽ പാറ്റ് കമിൻസിനെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ തൂക്കിയായിരുന്നു വൈഭവിന്റെ സ്വീകരണം. ഈ മത്സരത്തിൽ തന്നെയാണ് വൈഭവ് 36 പന്തുകളിൽനിന്ന് സെഞ്ചുറിയിലെത്തിയത്. കമിൻസിനു പുറമേ, ജസ്പ്രീത് ബുമ്ര, മിച്ചൽ സ്റ്റാർക്ക്, എന്നിവരെയും നേരിട്ട ആദ്യ പന്തിൽ തന്നെ വൈഭവ് സിക്സർ തൂക്കിയിരുന്നു. എലിമിനേറ്ററിൽ സൺറൈസേഴ്സും രാജസ്ഥാനും ഏറ്റുമുട്ടിയപ്പോഴാണ് വൈഭവ് 97 റൺസടിച്ച് പുറത്തായത്. ഈ കളിയിൽ നാലോവറുകളിൽനിന്ന് 64 റൺസ് വഴങ്ങിയ കമിൻസിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. എലിമിനേറ്ററിൽ രാജസ്ഥാനോടു തോൽവി ഏറ്റുവാങ്ങി സൺറൈസേഴ്സ് ഐപിഎലിൽനിന്നു പുറത്താകുകയും ചെയ്തു.















































