ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മാൽവിയ നഗറിലുള്ള ഫ്ലോറിഷ് ഇൻ ബെഡ് ആൻഡ് ബ്രേക്ക്‌ഫാസ്റ്റിൽ ഉണ്ടായ തീപിടിത്തം ഒരു ദുരന്തമെന്നതിലുപരി, മനുഷ്യജീവിതത്തിന്റെ അവസാന നിമിഷങ്ങൾ എത്ര ഭീകരമായിരിക്കാമെന്ന് തെളിയിച്ച ഹൃദയഭേദക സംഭവമായി മാറി. പുകയും തീയും നിറഞ്ഞ ആ കെട്ടിടത്തിനുള്ളിൽ ആളുകൾ ജീവൻ രക്ഷിക്കാൻ നടത്തിയ അവസാന ശ്രമങ്ങൾ ഇന്നും രക്ഷാപ്രവർത്തകരുടെയും നാട്ടുകാരുടെയും മനസിൽ നിന്നും മായുന്നില്ലെന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുന്നു.
ജൂൺ 3-നാണ് രാവിലെ സമയം ഈ തീപിടിത്തം ഉണ്ടായത്. വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ തീ കെട്ടിടമൊട്ടാകെ വ്യാപിച്ചു, ആളുകൾക്ക് പുറത്തേക്ക് രക്ഷപ്പെടാനുള്ള അവസരം പോലും നിഷേധിച്ചു. 21 പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്, നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. വിദേശികളടക്കം നിരവധി പേർ ഈ കെട്ടിടത്തിൽ കുടുങ്ങിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
തീപിടിത്തത്തിന്റെ നിമിഷങ്ങളിൽ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത് പുകയും നിലവിളിയും മാത്രം. “എവിടെയും പുക… ആരും ആരെയും കാണാൻ കഴിയാത്ത അവസ്ഥ… ആളുകൾ ജീവൻ രക്ഷിക്കാനായി കരഞ്ഞു വിളിച്ചു,” രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നാട്ടുകാർ പറഞ്ഞു. രക്ഷാപ്രവർത്തകർ എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ കെട്ടിടത്തിനുള്ളിലേക്ക് കയറാൻ ശ്രമിക്കുകയും കയറുകളും ബെഡ്ഡുകളും ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ കണ്ട മൃതദേഹങ്ങൾ ഈ ദുരന്തത്തിന്റെ ഭീകരതയെ കൂടുതൽ വ്യക്തമാക്കുന്നതായിരുന്നു. റിസപ്ഷൻ ഭാഗത്ത് കിടന്ന യുവതിയുടെ മൃതദേഹം, വീൽചെയറിൽ ഇരുന്ന നിലയിൽ കത്തിക്കരിഞ്ഞ രോഗി, ബാത്ത്റൂമിനുള്ളിൽ പൂട്ടി തമ്മിൽ ചേർന്ന് മരിച്ച ദമ്പതികൾ—ഇവയൊക്കെ മനുഷ്യന്റെ അവസാന നിമിഷങ്ങളുടെ വേദനയും ഭീതിയും തുറന്നു കാട്ടുന്ന ദൃശ്യങ്ങളായിരുന്നു. ചിലർ കിടക്കയുടെ വക്കിൽ ഇരുന്ന നിലയിലും ചിലർ പടിക്കെട്ടുകളിലും ബാത്ത്റൂമുകളിലും ഒളിച്ചിരിക്കെ ശ്വാസംമുട്ടി മരിച്ചതായും കണ്ടെത്തി.
തീ അതിവേഗത്തിൽ പടർന്നതോടെ പലരും ജനാലകളിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ചിലരെ നാട്ടുകാർ ബഡ്ഡുകൾ വിരിച്ച് രക്ഷപ്പെടുത്തിയെങ്കിലും പലർക്കും അതിനുള്ള സമയം ലഭിച്ചില്ല. പ്രാഥമിക അന്വേഷണത്തിൽ, കെട്ടിടത്തിന്റെ താഴത്തെ നിലയിലോ ബേസ്മെന്റിലോ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. അവിടെ പ്രവർത്തിച്ചിരുന്ന അടുക്കളയും ഗ്യാസ് സിലിണ്ടറുകളും തീ കൂടുതൽ വേഗത്തിൽ വ്യാപിക്കാൻ കാരണമായിരിക്കാമെന്നാണ് സംശയം.
കൂടാതെ, കെട്ടിടത്തിന്റെ രൂപകൽപ്പനയും സുരക്ഷാ വീഴ്ചകളും ദുരന്തം കൂടുതൽ ഗുരുതരമാക്കിയതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഒറ്റ പ്രവേശന കവാടവും അടച്ചിട്ട ജനാലകളും പുക പുറത്തേക്ക് പോകാൻ അനുവദിക്കാതിരുന്നതും ആളുകൾ കുടുങ്ങാൻ കാരണമായി.
അതേസമയം ഈ ദുരന്തത്തിന് പിന്നാലെ ഡൽഹി സർക്കാർ കർശനമായ ഫയർസേഫ്റ്റി പരിശോധനകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പുകയും തീയും നിറഞ്ഞ ആ കെട്ടിടത്തിനുള്ളിൽ, അവസാന നിമിഷങ്ങളിൽ ചിലർ ഒരുമിച്ച് പിടിച്ചുനിന്നു മരിച്ചുവെന്നത് ഈ ദുരന്തത്തിന്റെ ഏറ്റവും വേദനാജനകമായ ചിത്രമായി മാറുന്നു. ജീവൻ രക്ഷിക്കാൻ ഓരോരുത്തരും നടത്തിയ ആ അവസാന പോരാട്ടം, അത് ഒരു അപകടംമാത്രമല്ല, മനുഷ്യജീവിതത്തിന്റെ നിസഹായതയുടെ ദാരുണമായ ഓർമ്മപ്പെടുത്തൽ കൂടിയായി മാറി.


















































