ന്യൂഡൽഹി: ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ നീക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. 2026 ടി20 ലോകകപ്പ് കിരീടത്തിലേക്ക് ടീമിനെ നയിച്ച് മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ ഈ നിർണായക തീരുമാനം ഉണ്ടാകാനിരിക്കുകയാണ്. ഈ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കായുള്ള ടീമുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഈ നീക്കമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ബിസിസിഐ 2028 ടി20 ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ നായകനെ കണ്ടെത്താനുള്ള നീക്കത്തിലാണ്. എന്നാൽ സൂര്യകുമാർ യാദവിന്റെ സമീപകാല പ്രകടനത്തിലെ ഇടിവാണ് ഈ തീരുമാനത്തിന് പ്രധാന കാരണമെന്നും റിപ്പോർട്ട് പറയുന്നു. ആകെ 113 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 3272 റൺസ് നേടിയിട്ടുള്ള താരത്തിന്റെ ശരാശരി 36.35ഉം സ്‌ട്രൈക്ക് റേറ്റ് 162.94ഉം ആയിരുന്നുവെങ്കിലും, 2025 ജനുവരി മുതൽ 2026 മാർച്ച് വരെ 35 മത്സരങ്ങളിൽ വെറും 702 റൺസ് മാത്രമാണ് നേടിയത്. ഈ കാലയളവിൽ ശരാശരി 26 ആയി താഴുകയും ചെയ്തു.
മാത്രമല്ല 2024 വർഷത്തിലും പ്രകടനം പ്രതീക്ഷയ്ക്കൊത്തിരുന്നില്ല. 18 ടി20 മത്സരങ്ങളിൽ 429 റൺസ് നേടിയെങ്കിലും ശരാശരി 26.81 ആയി കുറഞ്ഞിരുന്നു. 2026 ഐപിഎല്ലിൽ 13 ഇന്നിംഗ്സുകളിൽ 270 റൺസ് മാത്രം നേടിയത് (ശരാശരി 20.76) കൂടുതൽ ആശങ്കകൾക്ക് ഇടയാക്കി. 2024 ജൂലൈയിൽ നായകനായതിന് ശേഷം യാദവിന്റെ വ്യക്തിഗത പ്രകടനം ഗണ്യമായി ഇടിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. നായകസ്ഥാനത്തിന് മുമ്പ് 43.60 ശരാശരിയോടെ നാല് സെഞ്ചുറികളും 20 അർധസെഞ്ചുറികളും നേടിയിരുന്ന താരം, പിന്നീട് 25.88 ശരാശരിയിലേക്ക് താഴ്ന്നു. ഈ കാലയളവിൽ ആറ് അർധസെഞ്ചുറികളും നാല് തവണ ഡക്കിലും പുറത്തായി.
സെലക്ഷൻ കമ്മിറ്റി, ബിസിസിഐ, ടീം മാനേജ്‌മെന്റ് എന്നിവർ കോച്ച് ഗൗതം ഗംഭീറുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇനി മുതൽ ഇന്ത്യയ്ക്ക് ഒരു പുതിയ ക്യാപ്റ്റൻ വേണമെന്ന് തീരുമാനിച്ചിരിക്കുന്നു. സൂര്യയുടെ ക്യാപ്റ്റൻസിയിൽ ടീം ടി20 ലോകകപ്പ് നേടിയെങ്കിലും, അദ്ദേഹത്തിന്റെ ഫോമും ഭാവിയും പരിഗണിച്ച്, മുന്നോട്ട് പോകേണ്ട സമയമായെന്നാണ് വിലയിരുത്തൽ.
സൂര്യകുമാർ നായകനായിരുന്ന കാലയളവിൽ ടീമിന് വലിയ വിജയങ്ങൾ സമ്മാനിക്കാൻ യാദവിന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ നായകത്വത്തിൽ ഇന്ത്യ 2025 ഏഷ്യാകപ്പ്, 2026 ടി20 ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കി. കൂടാതെ 2024 ടി20 ലോകകപ്പും 2023 ഏഷ്യാകപ്പും നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. വ്യക്തിഗത പ്രകടനത്തിലെ ഇടിവുണ്ടായിട്ടും ടീമിന്റെ വിജയങ്ങൾ തുടരാൻ കഴിഞ്ഞത് ശ്രദ്ധേയമാണ്.
എന്നിരുന്നാലും, ഭാവി ലക്ഷ്യമിട്ട് ടീമിനെ പുനഃസംഘടിപ്പിക്കാനുള്ള നീക്കമാണ് ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. 2028 ടി20 ലോകകപ്പിനെ മുൻനിർത്തി യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനും ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനുമാണ് ശ്രമം. സൂര്യകുമാർ യാദവിന്റെ നായകസ്ഥാനം മാത്രമല്ല, ടീമിലെ സ്ഥാനം തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നു. ഈ നീക്കം ഇന്ത്യൻ ടി20 ടീമിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാകാമെന്നാണ് വിലയിരുത്തൽ.
അതേസമയം ഏകദിന വൈസ് ക്യാപ്റ്റനായ ശ്രേയസ്സ് അയ്യർ, മധ്യനിര ബാറ്റർ തിലക് വർമ എന്നിവരിലൊരാളെയാണ് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നതെന്ന് ബിസിസിഐ വൃത്തം വെളിപ്പെടുത്തി. എങ്കിലും ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സൂര്യയെ ഒഴിവാക്കുന്നതോടെ, ഐപിഎൽ കിരീടം നേടിയ നായകനായ ശ്രേയസ് അയ്യർ സ്വാഭാവികമായ ഒരു ചോയ്‌സ് ആയി മാറുന്നു. എന്നാൽ തിലക് വർമയാണ് മറ്റൊരു അപ്രതീക്ഷിത താരം. പ്രായം കണക്കിലെടുക്കുമ്പോൾ ഏറ്റവും അനുയോജ്യൻ തിലക് ആണെന്ന് സെലക്ഷൻ കമ്മിറ്റിയിലെ പലരും കരുതുന്നു. ട്വന്റി20 ടീമിലെ സ്ഥിരാംഗമാണെന്നതും അനൂകൂലഘടകമാണ്. ശ്രേയസ്സ് ഇപ്പോൾ ട്വന്റി20 ടീമിന്റെ ഭാഗമല്ല.

















































