ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഇറാൻ–അമേരിക്ക സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. യുഎസിന്റെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തിനുനേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ ആക്രമണം പൂർണ്ണമായും തടഞ്ഞതായാണ് യുഎസ് സൈന്യത്തിന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് സേന ഇറാനിയൻ എണ്ണ ടാങ്കറും ടെലികമ്മ്യൂണിക്കേഷൻ ടവറും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിന് മറുപടിയായാണ് പ്രത്യാക്രമണം നടത്തിയതെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. യുഎസിന്റെ ആക്രമണത്തിൽ ഒരു കപ്പലിന്റെ എഞ്ചിൻ റൂമിന് കേടുപാടുകൾ സംഭവിച്ചതായും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) അറിയിച്ചു.
തുടർന്ന് അമേരിക്കൻ–ഇസ്രായേൽ ബന്ധമുള്ള ഒരു കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായും ഖേശ്മ് ദ്വീപിന് സമീപമുള്ള യുഎസ് കമ്മ്യൂണിക്കേഷൻസ് ടവറിനെ ലക്ഷ്യമിട്ടതായും ഇറാൻ അവകാശപ്പെട്ടു. പിന്നാലെയാണ് ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തേക്കും മേഖലയിലെ നാവിക താവളങ്ങളിലേക്കും ആക്രമണം നടത്തിയതായുള്ള അവകാശവാദം ഉയർന്നത്.
എന്നാൽ ഇറാന്റെ എല്ലാ ആക്രമണ ശ്രമങ്ങളും വിജയകരമായി തടഞ്ഞതായാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കിയത്. അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തിനുനേരെ ആക്രമണമുണ്ടായെന്ന ഇറാന്റെ വാദം പൂർണ്ണമായും തെറ്റാണെന്നും യുഎസ് അറിയിച്ചു. സേന ജാഗ്രതയിലാണെന്നും പ്രതിരോധ സംവിധാനങ്ങൾ ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഡ്രോൺ–മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. 56 പേർക്ക് പരിക്കേറ്റതായും അതിൽ ആറുപേരുടെ നില ഗുരുതരമാണെന്നും പ്രാഥമിക വിവരം സൂചിപ്പിക്കുന്നു.

















































