കൊച്ചി: അശ്ലീല പരാമർശം ചോദ്യം ചെയ്തതിനെ തുടർന്ന് എട്ടംഗ സംഘത്തിൻറെ അക്രമണത്തിന് ഇരയായ പെൺകുട്ടികൾക്ക് നേരെ പോലീസിൻറെ ഭാഗത്തു നിന്നു ഉണ്ടായത് മോശം പെരുമാറ്റമെന്ന് പെൺകുട്ടികളുടെ സുഹൃത്തുക്കൾ. പെൺകുട്ടികളുടെ വസ്ത്രധാരണത്തെ വിമർശിച്ചെന്നും എന്തിനാണ് അസമയത്ത് പുറത്തു പോയത് എന്നാണ് എൻക്വയറിക്കുവന്ന പോലീസുകാർ ചോദിച്ചതെന്നാണ് പെൺകുട്ടികളുടെ സുഹൃത്തുക്കൾ പറയുന്നത്.
പാർട്ട്‌ടൈം ജോലി ചെയ്യുന്ന പെൺകുട്ടികളാണ് പുലർച്ചെ റൂമിലേക്ക് മടങ്ങുന്നതിനിടെ അക്രമത്തിന് ഇരയായത്. ജോലി കഴിഞ്ഞ് പുതിയറോഡ് ചക്കാലപ്പാടം റോഡിലൂടെ റൂമിലേക്ക് പോകുന്നതിനിടെയാണ് എട്ടോളം വരുന്ന സംഘം ലൈംഗികച്ചുവയോടെ പെൺകുട്ടികളോട് സംസാരിച്ചത്. രണ്ടു യുവതികളും ആറു പുരുഷൻമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കമൻറടിച്ച് തടഞ്ഞു നിർത്തി സംഘം ചേർന്ന് അക്രമിക്കുകയായിരുന്നു. അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് വീഡിയോ എടുക്കാൻ ശ്രമിച്ച കുട്ടിയുടെ കൈ പിടിച്ച് തിരിച്ച് ഫോൺ പിടിച്ചു വാങ്ങി രണ്ടു മൂന്ന് തവണ നിലത്തെറിഞ്ഞ് പൊട്ടിച്ചു. മുടി പിടിച്ച് റോഡിലേക്ക് തള്ളിയിട്ട് അടിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. കഴുത്തിന് താഴെയായി നെഞ്ചിനു മേലെ ആക്രമിച്ചതിൻറെ പാടുകളുണ്ട്.
തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് എത്തിയപ്പോൾ എൻക്വയറിക്കായി വന്ന പോലീസ് ഉദ്യോഗസ്ഥനാണ് മോശമായി സംസാരിച്ചത്. . ‘നിങ്ങൾ എന്തിനാണ് നാലരയ്ക്ക് അങ്ങോട്ട് പോയത്, നിങ്ങൾ ഈ ഡ്രസ് ആണോ ഇട്ടത്’ എന്നൊക്കെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചത്.
അതും ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിയോടാണ് ഈ ചോദ്യം. ഈ ഡ്രസ് ആണോ ഇട്ടത്, നാലരയ്ക്ക് എന്തിന് അങ്ങോട്ട് പോയി എന്ന് ചോദിച്ചത് ഗുരുതരമായ വീഴ്ചയാണ്. നടന്ന പ്രശ്‌നങ്ങളെ കുറിച്ചായിരുന്നില്ല, കുട്ടി ഇട്ട ഡ്രസ്, എന്തിന് ആ ഭാഗത്തേക്ക് പോയി എന്നതായിരുന്നു പോലീസുകാരുടെ കൺസേൺ എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
അതേസമയം അക്രമം നടക്കുന്ന സമയത്ത് മറ്റു പെൺകുട്ടികൾ അവിടെയിരുന്ന് ചിരിക്കുകയും അക്രമത്തിന് ചുക്കാൻ പിടിക്കുകയുമാണ് ചെയ്തതെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കി. അവർ ആകെ പാനിക് ആണ്. ഫിസിക്കലിയും ബുദ്ധിമുട്ടുണ്ട്. കാലിൻറെയും നെഞ്ചിനെയും ഭാഗത്ത് നല്ല വേദനയുണ്ട്. ഒരുപാട് തവണ നിലത്തിട്ട് ചവിട്ടുകയാണ് ചെയ്തത്. രണ്ടു പേർക്കും ഓടാൻ പോലും പറ്റാത്ത സാഹചര്യം ആയിപ്പോയെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.


















































