കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വ്യാപക ആക്രമണം. പാർട്ടി ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് പിന്നാലെ കല്യാൺ ബാനർജി എംപിയെ ഒരു സംഘം നടുറോഡിൽ തലക്കിടിച്ച് വീഴ്ത്തി. ചണ്ഡിതല പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഹൂബ്ലിയിൽ വച്ചാണ് കല്യാൺ ബാനർജി ആക്രമിക്കപ്പെട്ടത്. നടന്ന് നീങ്ങുകയായിരുന്ന കല്യാൺ ബാനർജിയെ ഒരു സംഘം മുദ്രാവാക്യം മുഴക്കി വളയുകയായിരുന്നു. തിരിച്ച് മുദ്രാവാക്യം മുഴക്കിയ എംപിയുടെ തലക്ക് മർദ്ദിച്ചു. റോഡിൽ വീണ എംപിയെ വീണ്ടും അൾക്കൂട്ടം ആക്രമിച്ചു. തലക്ക് ശക്തമായി ഇടിച്ചെന്നും ബിജെപിക്കാർ ക്രൂരമായി മർദ്ദിച്ചെന്നും എംപി പറഞ്ഞു. തുടർന്ന് റോഡിൽ കിടന്ന് കല്യാൺ ബാനർജി പ്രതിഷേധിച്ചു. ബിജെപിയാണ് അക്രമത്തിന് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ബിജെപി പ്രവർത്തകർ തടിച്ചുകൂടി. പൊലീസ് സ്റ്റേഷന് മുന്നിൽ ഇരുവിഭാഗവും തടിച്ചുകൂടിയതോടെ പ്രദേശത്ത് വൻ സംഘർഷാവസ്ഥ നിലനിന്നു. ടിഎംസി പ്രവർത്തകരെ ‘കള്ളന്മാർ’ എന്ന് വിളിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. ഇത് പിന്നീട് ഇരുവിഭാഗവും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ലാത്തിവീശിയാണ് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് ഇപ്പോഴും കടുത്ത ജാഗ്രത തുടരുകയാണ്.
ആക്രമണത്തിൽ പരിക്കേറ്റ കല്യാൺ ബാനർജി എംപി തൂവാല തലയിൽ അമർത്തിപ്പിടിച്ചുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. തന്നെ മനഃപൂർവം ലക്ഷ്യം വെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടയിലാണ് ബിജെപിയുടെ ഗുണ്ടകൾ തന്നെ ക്രൂരമായി മർദ്ദിച്ചത്. സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ബിജെപി ആക്രമണം അഴിച്ചുവിട്ടതെന്ന് കല്യാൺ ബാനർജി കൂട്ടിച്ചേർത്തു. തൃണമൂൽ നേതാക്കൾക്കെതിരായ ആക്രമണം ദേശീയ തലത്തിൽ ഏറ്റെടുക്കാൻ ഇന്ത്യ സഖ്യം തീരുമാനിച്ചു. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ ഉന്നയിക്കും.

















































