ഒറ്റപ്പാലം: മോഷ്ടിക്കാനെത്തിയപ്പോൾ വിശന്നു. ഇഡ്ഡലി കഴിക്കാൻ ഇരുന്നതോടെ മോഷണശ്രമം പാളി. പാലപ്പുറം കൊട്ടാരപ്പാട്ടിൽ ശ്രീനിവാസന്റെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെയെത്തിയ കള്ളന്റെ ലക്ഷ്യം പാതിവഴിയിൽ മുടങ്ങി. പുലർച്ചെ മൂന്നോടെ വീട്ടിൽ കയറിയ മോഷ്ടാവ് ടെറസിലെത്തി കയ്യിൽ കരുതിയിരുന്ന ഇഡ്ഡലിപ്പൊതി തുറന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇതിനിടെയാണ് വീട്ടിലെ നായ കുരച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളംവച്ചതോടെ മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഓടിരക്ഷപ്പെടുന്നതിനിടെ ടെറസിനോട് ചേർന്നുള്ള സീലിങ്ങിന്റെ ഒരു ഭാഗം തകർന്നു. പിന്നീട് വീടിന് സമീപത്തുനിന്ന് മോഷ്ടാവ് ഉപേക്ഷിച്ച നിലയിൽ ഭക്ഷണപ്പൊതി കണ്ടെത്തി.
വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ലുങ്കിയും ഷർട്ടുമാണ് ഇയാളുടെ വേഷം. ഗേറ്റ് തുറന്ന് അകത്ത് കടന്ന ശേഷം സമീപത്തുണ്ടായിരുന്ന കോണി ഉപയോഗിച്ചാണ് രണ്ടാംനിലയ്ക്ക് മുകളിലുള്ള ടെറസിലെത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവവിവരം ലഭിച്ചതിനെ തുടർന്ന് ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.


















































