ജയ്പുർ: ഐപിഎല്ലിൽ ഗുജറാത്തിനോട് തോറ്റ് ഫൈനൽ കാണാതെ രാജസ്ഥാൻ പുറത്തായെങ്കിലും ഈ സീസണിലെ വൈഭവ് സൂര്യവംശിയുടെ പ്രകടനം ലോക ശ്രദ്ധയാകർഷിക്കുന്നതായിരുന്നു. പൊതുവെ അവന്റെ വെടിക്കെട്ട് ബാറ്റിങ് കണ്ട് മനം നിറഞ്ഞ ആരാധകർക്ക് സെൻസിബിൾ ഇന്നിങ്സ് കളിക്കാനും തനിക്കറിയാമെന്ന് കാണിക്കുന്നതായിരുന്നു ഇന്നലത്തെ രണ്ടാം ക്വാളിഫയർ മത്സരം. മറു സൈഡിൽ വിക്കറ്റുകൾ നിരനിരയായി നഷ്ടമാകുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ വൈഭവ് ഏറെക്കുറെ ഒറ്റയ്ക്കാണ് ടീമിനെ കരകയറ്റിയത്. 96 റൺസുമായി ടീമിന്റെ ടോപ് സ്‌കോററുമായി. എന്നാൽ, പുറത്തായതിന് പിന്നാലെ വൈഭവിനോട് കൈചൂണ്ടി സംസാരിക്കുന്ന രാജസ്ഥാൻ നായകൻ റിയാൻ പരാഗിന്റെ പെരുമാറ്റം ആരാധകർക്കിടയിൽ വൻ ചർച്ചയായി.
ഒരു ഘട്ടത്തിൽ സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും നാല് റൺസ് അകലെ താരം മടങ്ങി. 47 പന്തിൽ 96 റൺസെടുത്ത സൂര്യവംശി രാജസ്ഥാൻ ഇന്നിങ്‌സിലെ ടോപ് സ്‌കോററുമായി. പുറത്തായതിന് പിന്നാലെ നിരാശയോടെയാണ് വൈഭവ് കളം വിട്ടത്. പിന്നാലെ ഡഗൗട്ടിൽ ഇരുന്ന വൈഭവിനെ രാജസ്ഥാൻ നായകൻ റിയാൻ പരാഗ് സമീപിക്കുകയും ദേഷ്യത്തോടെ സംസാരിക്കുകയുമായിരുന്നു. വൈഭവിനുനേരെ കൈചൂണ്ടി സംസാരിക്കുന്നത് ക്യാമറകൾ ഒപ്പിയെടുത്തു. നിസ്സഹായതയോടെ വൈഭവ് പ്രതികരിക്കുന്നതും കാണാം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു.
ഇതോടെ രാജസ്ഥാൻ ആരാധകർ പരാഗിനെതിരേ തിരിഞ്ഞിരിക്കുകയാണ്. ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയ താരത്തോട് ഇങ്ങനെ പെരുമാറിയതെന്തിനാണെന്നാണ് പലരും ചോദിക്കുന്നത്. പരസ്യമായി ദേഷ്യപ്പെട്ടത് തെറ്റാണെന്നും വൈഭവിനോട് ഇങ്ങനെ പറയാൻ പരാഗിന് എന്ത് അവകാശമാണുള്ളതെന്നും ആരാധകർ ചോദിക്കുന്നു. ക്യാപ്റ്റൻ വൈഭവിനെ മാനസികമായി തളർത്തുകയാണോ എന്ന സംശയവും പലരും പങ്കുവെച്ചു. കഴിഞ്ഞ മത്സരത്തിൽ വെറും 11 റൺസെടുത്ത് പുറത്തായ പരാഗിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
വിക്കറ്റുകൾ ഒന്നൊന്നായി പൊയ്ക്കൊണ്ടിരുന്നതോട ശ്രദ്ധിച്ചാണ് സൂര്യവംശി തുടക്കത്തിൽ കളിച്ചത്. 31 പന്തിലാണ് അർധസെഞ്ചുറി വന്നത്. താരത്തിന്റെ ഐപിഎലിലെ വേഗം കുറഞ്ഞ അർധശതകമാണിത്. എന്നാൽ, അർധസെഞ്ചുറിക്കുശേഷം ബാറ്റിങ് അതിവേഗത്തിലായി. അടുത്ത 16 പന്തിൽ 46 റൺസ് വന്നു. എട്ട് ഫോറും ഏഴ് സിക്സും സൂര്യവംശിയുടെ ഇന്നിങ്സിലുണ്ട്. 204.25 ആണ് സ്ട്രൈക്ക് റേറ്റ്. കഗീസോ റബാഡയുടെ പന്തിലാണ് സെഞ്ചുറിക്ക് നാല് റൺസ് മാത്രം അകലെവെച്ച് താരം പുറത്തായത്. ജഡേജ (35 പന്തിൽ 47) കൗമാരതാരത്തിന് ഉറച്ചപിന്തുണ നൽകി. പല ഘട്ടത്തിലും സ്ട്രൈക്ക് കൈമാറാതെ വന്നതോടെ നിസ്സഹായനായി നിൽക്കേണ്ടിയും വന്നു താരത്തിന്.
മറു സൈഡിൽ ശുഭ്മൻ ഗിലിന്റെ തകർപ്പൻ സെഞ്ചുറിയും (53 പന്തിൽ 104), സായ് സുദർശന്റെ അർധ സെഞ്ചുറിയും (32 പന്തിൽ 58) ഗുജറാത്തിന്റെ പോരാട്ടം അനായാസമാക്കി. ഫൈനലിലെത്താനാവാതെ വന്നതോടെ നിരാശയോടെ ഡഗൗട്ടിലിരിക്കുന്ന വൈഭവിനെ കണ്ടതോടെ മറ്റു രാജസ്ഥാൻ താരങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ആരാധകർ ഉയർത്തുന്നത്.


















































