വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ഒമാന് നേരെ കടുത്ത ഉപരോധ ഭീഷണിയുമായി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ ടോൾ ഈടാക്കാനുള്ള നീക്കം അംഗീകരിക്കില്ല. ടോൾ ഈടാക്കാൻ സഹായിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും. ഇറാന്റെ നീക്കം എല്ലാ രാഷ്ട്രങ്ങളും തള്ളിക്കളയണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇറാനുമായി ചേർന്ന് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാൻ ഒമാൻ മുതിർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ യാത്രാസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് കാബിനറ്റ് യോഗത്തിൽ ഒമാനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. മറ്റുള്ളവരെപ്പോലെ ഒമാൻ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ സൈനിക നടപടി ഉൾപ്പെടെ നേരിടേണ്ടി വരുമെന്ന തരത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാദേശിക തർക്കങ്ങളിൽ കാലങ്ങളായി ഒരു സമാധാന മധ്യസ്ഥനായി പ്രവർത്തിക്കുന്ന രാജ്യമാണ് ഒമാൻ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒമാൻ കടുത്ത നയതന്ത്ര സമ്മർദ്ദത്തിലാണ്.
















































