തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയ സംഭവത്തിൽ പരിഹാസിച്ച്കോൺഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്. ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് പറഞ്ഞത് കേട്ടത് ഇ ഡിയാണെന്ന് തോന്നുന്നു, അതുകൊണ്ടാണ് ഇ ഡി പിണറായിയുടെ വീട്ടിലും ബന്ധുവീടുകളിലും എത്തിയതെന്നായിരുന്നു വസന്തിന്റെ പരിഹാസം. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചോദിക്കാൻ കൈ ഉയർത്തിയ സിപിഎം പ്രവർത്തകനോട് ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ഇത് ഏറെ വിവാദമായിരുന്നു.
അതേസമയം പിണറായി വിജയന്റെ വീടുകളിലുൾപ്പെടെ നടക്കുന്ന ഇ ഡി റെയ്ഡിനെപ്പറ്റി ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടില്ലെന്നാണായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ഇഡി പോലീസ് സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഡി സതീശന്റെ പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച്ച സ്വാഭാവികമായ കാര്യമാണെന്നും കേരളത്തിൻറെ ആവശ്യമായ കാര്യത്തിനല്ലേ മുഖ്യമന്ത്രി ഡൽഹിയിൽ പോയതെന്നും ചെന്നിത്തല പറഞ്ഞു..
പിണറായി വിജയന്റെ വീട് അടക്കമുളള ഇടങ്ങളിലെ ഇ ഡി റെയ്ഡ് കോൺഗ്രസ്- ബിജെപി ആസൂത്രണമാണ് എന്ന ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് മന്ത്രി പിസി വിഷ്ണുനാഥും പ്രതികരിച്ചിരുന്നു. റെയ്ഡിനെക്കുറിച്ചുളള വാർത്ത മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും കേന്ദ്ര അന്വേഷണ ഏജൻസികളിൽ കോൺഗ്രസിന് ഒരു സ്വാധീനവുമില്ലെന്നും മന്ത്രി പറഞ്ഞു. ഈ റെയ്ഡിനെ കോൺഗ്രസുമായി കൂട്ടിക്കെട്ടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


















































