തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന് പിന്തുണയുമായി മുൻ മന്ത്രിയും തവനൂർ മുൻ എംഎൽഎയുമായ ഡോ. കെ.ടി. ജലീൽ. സമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം പിണറായിക്ക് പിന്തുണ അറിയിച്ചത്.
പിണറായി വിജയന്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ലെന്ന് ജലീൽ അഭിപ്രായപ്പെട്ടു. പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണെന്നും ഏതറ്റംവരെയും കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?കേരള നിയമസഭയിൽ തന്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് ‘ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്’യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച പിണറായി വിജയന്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ല. അതാള് വേറെയാണ്. കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ.
വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ തന്റെ ഒരു റാത്തൽ ഇറച്ചിക്കായി പേ പിടിച്ച് ഓടി നടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല.മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത പിണറായി, തന്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ചപ്പോൾ ‘അതിന് ആ തടി പോരെന്ന്’ തിരിച്ചടിച്ച് പോരാട്ട വീര്യം തെളിയിച്ച ധീരനാണെന്നും കെ ചടി ജലീല്‍ പോസ്റ്റില്‍ പറയുന്നു.


















































