കോഴിക്കോട്: ഇ.ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ്. പരിശോധന അവസാനിപ്പിച്ച് ഇ.ഡി സംഘം മടങ്ങിയതിനു പിന്നാലെ വീട്ടിലെത്തിയപ്പോഴായിരുന്നു റിയാസിന്റെ പ്രതികരണം. സംഘപരിവാരിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നവരെ മോദി സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ വെച്ച് വേട്ടയാടുന്ന കാഴ്ചയാണ് സമീപകാലത്ത് കണ്ടുവരുന്നത്.
സി.പി.എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ ജനപ്രതിനിധിയാവുമെന്നോ മന്ത്രിയാവണമെന്നോ കരുതിയിരുന്നില്ല. പക്ഷേ, മത നിരപേക്ഷതക്ക് വേണ്ടി സ്വന്തം ജീവൻ വരെ നൽകി പോരാടുമെന്ന് കരുതിയിരുന്നു. ആ പോരാട്ടം ശക്തമായി മുന്നോട്ടുപോകും. ഇത്തരം സംഗതികളുമായി കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ വരണ്ട എന്നും റിയാസ് പറഞ്ഞു.
സംഘപരിവാരും കേന്ദ്ര സർക്കാരും സ്വീകരിക്കുന്ന തെറ്റായ നയങ്ങളെ ഇനിയും ചൂണ്ടിക്കാണിക്കും. ഇ.ഡിയല്ല അതിലും വലിയ ഡി വന്നാലും ആ പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും റിയാസ് പറഞ്ഞു.


















































