ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഇന്ധനവില ഉയരുന്നതിനിടെ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിനരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പെട്രോളിനും ഡീസലിനും തവണകളായി എട്ട് രൂപ വർധിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, “ജനങ്ങൾ അറിയാതെ രഹസ്യമായി പോക്കറ്റടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്” എന്ന് ആരോപിച്ചു.
ഇന്ധനവില ഇനിയും ഉയരാനിടയുണ്ടെന്നും രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുകയാണെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. “വിലക്കയറ്റ മനുഷ്യൻ മോദി വീണ്ടും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്” എന്നായിരുന്നു ഹിന്ദിയിലുള്ള സാമൂഹികമാധ്യമ പോസ്റ്റിലെ വിമർശനം.
സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടികൾ ഉണ്ടാകുമെന്ന് താൻ മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പ്രധാനമന്ത്രി അത് അവഗണിച്ചുവെന്നും രാഹുൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് ജനങ്ങൾക്ക് മേൽ വിലക്കയറ്റഭാരം അടിച്ചേൽപ്പിക്കുകയുമാണ് കേന്ദ്രസർക്കാരിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, രാജ്യത്ത് ഇന്ന് വീണ്ടും ഇന്ധനവില വർധിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടി. പുതിയ നിരക്കോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസലിന്റെ വില 104.41 രൂപയായും ഉയർന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലുതവണയായാണ് വില വർധിപ്പിച്ചത്. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടിയിരുന്നു. തുടർന്ന് മെയ് 19ന് 90 പൈസയും മെയ് 23ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചു. ഇന്നത്തെ വർധന കൂടി ചേർന്നതോടെ രണ്ടാഴ്ചയ്ക്കിടെ ഇന്ധനവിലയിൽ ഏകദേശം എട്ട് രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

















































