ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ നടപടിയെ അതിരൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള ഫെഡറേഷന്റെ തീരുമാനത്തിൽ കോടതി ഇടപെടുകയും താരത്തെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. മാത്രമല്ല താരത്തിനെതിരെയുള്ള അയോഗ്യതയിൽ ഹൈക്കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഈ വിഷയത്തിൽ വിശദമായ പരിശോധനയ്ക്കായി വിദഗ്ധ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശം നൽകി.
ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായയും ജസ്റ്റിസ് തേജസ് കാരിയയും അടങ്ങിയ ബെഞ്ച്, ഫെഡറേഷൻ നാളിതുവരെ പിന്തുടർന്ന രീതികളിൽ നിന്ന് പെട്ടെന്നുണ്ടായ മാറ്റത്തെ ശക്തമായി വിമർശിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങൾക്ക് മുൻപ് അനുവദിച്ചിരുന്ന ഇളവുകൾ ഇപ്പോൾ നിഷേധിക്കുന്നതിൽ യുക്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിൻ്റെ പരിഗണനയ്ക്കിടെ, ഫോഗട്ടിനെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മെയ് 30-31 തീയതികളിൽ നടക്കാനിരിക്കുന്ന സെലക്ഷൻ ട്രയലുകളിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഫോഗട്ട് ഹർജി നൽകിയിരുന്നു. പ്രസവ അവധിക്ക് ശേഷം വീണ്ടും മത്സരരംഗത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് താരം. മെയ് 9-ന് നൽകിയ ഷോക്കോസ് നോട്ടീസ് അവരെ മത്സരത്തിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണെന്ന് ഫോഗട്ടിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
WFI പുറത്തിറക്കിയ സർക്കുലറിനെ കുറിച്ചും കോടതി സംശയം ഉയർത്തി. പാരീസ് ഒളിംപിക്സിൽ ഉണ്ടായ അയോഗ്യതയ്ക്ക് ശേഷം അവസ്ഥ പരിഗണിച്ച് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകേണ്ടതായിരുന്നില്ലേയെന്ന് ബെഞ്ച് ചോദിച്ചു.
അതേസമയം ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയലിന് പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചതാണ് ഫോഗട്ടിന് തിരിച്ചടിയായത്. പുതിയ നിയമങ്ങൾക്ക് കീഴിൽ, 2025 ലും 2026 ലും തെരഞ്ഞെടുക്കപ്പെട്ട ടൂർണമെന്റുകളിൽ നിന്ന് മെഡൽ നേടിയവർക്ക് മാത്രമേ ട്രയലുകളിൽ മത്സരിക്കാൻ യോഗ്യതയുണ്ടാവുകയുള്ളൂ. 2024 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ഒരു പ്രൊഫഷണൽ ടൂർണമെന്റിലും വിനേഷ് ഫോഗട്ട് പങ്കെടുത്തിരുന്നില്ല. അതിനാൽ തന്നെ പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ വരുന്നതോടുകൂടി താരം പുറത്തായി. ഇതിനെ ഫോഗട്ട് കോടതിൽ ചോദ്യം ചെയ്തു.
അതുപോലെ ഫെഡറേഷൻ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതും കോടതി വിമർശിച്ചു. മാത്രമല്ല, ഗർഭകാലത്തും വിശ്രമകാലത്തും താരത്തിന് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് മാതൃത്വം ആഘോഷിക്കപ്പെടുന്നുണ്ടെന്നും ഫെഡറേഷൻ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കരുതെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു.
‘അവർ 2025 ജൂലായിൽ അമ്മയായി. ഇപ്പോൾ മേയ് ആണ്. അവർ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയായ ഗുസ്തി താരമാണ്. നിങ്ങൾ അവൾക്കായി മാനദണ്ഡങ്ങൾ മാറ്റിയെന്ന് എന്തുകൊണ്ട് അനുമാനിച്ചുകൂടാ? വ്യക്തിപരമായ വൈരാഗ്യമോ തർക്കമോ ഉണ്ടായാലും, കായികരംഗത്തിന് എന്തിന് ദോഷം വരണം? മാതൃത്വം രാജ്യത്ത് ആഘോഷിക്കപ്പെടുന്നു. അത് ഒരാളുടെ ദോഷത്തിനായി സംഭവിക്കണോ?’ കോടതി വാക്കാൽ ചോദിച്ചു.
ഇതിനിടെ, വിരമിച്ച താരങ്ങൾ തിരിച്ചെത്തുമ്പോൾ ആൻ്റി- ഡോപ്പിംഗ് ചട്ടപ്രകാരം ആറുമാസത്തെ നോട്ടീസ് കാലയളവ് നിർബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് WFI ഫോഗട്ടിനെ 2026 26 വരെ അയോഗ്യമായി. പ്രഖ്യാപിച്ചത്. അതേസമയം, വിലക്ക് നിലനിൽക്കുമ്പോഴും ഗൊണ്ടയിൽ നടന്ന ദേശീയ ഓപ്പണിംഗ് ടൂർണമെൻ്റിൽ പങ്കെടുക്കാൻ ഫോഗട്ട് എത്തിയതും വിവാദങ്ങൾക്ക് ഇടയാക്കി.
2023-ൽ വനിതാ റെസ്‌ലർമാർ ഉയർത്തിയ ലൈംഗികാതിക്രമ ആരോപണങ്ങൾക്കെതിരായ സമരത്തിൽ ഫോഗട്ടിൻ്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. മുൻ ഡബ്ല്യുഎഫ്ഐ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് ആരോപണങ്ങൾ ഉയർത്തിയവരിൽ ഒരാളായിരുന്നു ഫോഗട്ട്.
2024-ലെ പാരിസ് ഒളിമ്പിക്സിൽ 50 വിഭാഗത്തിൽ ഫൈനലിന് മുമ്പ് വെറും 100 ഗ്രാം അധികഭാരം ഉണ്ടായതിനെ തുടർന്ന് അയോഗ്യത നേരിട്ടത് ഫോഗട്ടിൻ്റെ കരിയറിൽ വലിയ തിരിച്ചടിയായി മാറിയിരുന്നു. അതിനുപിന്നാലെ മത്സരത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഇപ്പോൾ ഹരിയാനയിൽ കോൺഗ്രസ് എംഎൽഎയാണ് ഫോഗട്ട്. മാത്രമല്ല, 2028 ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് മത്സരരംഗത്തേക്ക് തിരിച്ചുവരുകയാണെന്ന് വിനേഷ് ഈയിടെ പ്രഖ്യാപിച്ചിരുന്നു.


















































