ബീഡ്: മഹാരാഷ്ട്രയിൽ കാമുകനൊപ്പം ജീവിക്കാൻ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ബസ്സിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. മഹാരാഷ്ട്രയിലെ പാണ്ഡർപൂർ-സംഭാജി നഗർ റൂട്ടിലോടുന്ന ബസിലാണ് കരഞ്ഞുകൊണ്ടിരുന്ന കുട്ടികളെ യാത്രക്കാരും ബസ് ജീവനക്കാരും കണ്ടെത്തിയത്. കുട്ടികളിലൊരാളുടെ പോക്കറ്റിൽ നിന്ന് “ഈ കുട്ടികൾക്ക് മാതാപിതാക്കളില്ല, ദയവായി ഇവരെ യവത്മാലിലേക്കുള്ള ബസ്സിൽ കയറ്റി വിടുക” എന്ന് എഴുതിയ ഒരു കുറിപ്പും ഒരു മൊബൈൽ നമ്പറും ലഭിക്കുകയും ചെയ്തു. ബസ് ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കുട്ടികളുടെ അമ്മ സ്വന്തം പിതാവിന്റെ പണവും സ്കൂട്ടറും മോഷ്ടിച്ചാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ ഏപ്രിൽ 30-ന് യുവതിയുടെ പിതാവ് മകൾ പണവും സ്കൂട്ടറുമായി കാണാതായെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ബസ് കണ്ടക്ടർ വിവരമറിയിച്ചതിനെ തുടർന്ന് ബീഡ് പൊലീസ് കുട്ടികളുടെ മുത്തശ്ശനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാൽ സ്റ്റേഷനിലെത്തിയ മുത്തശ്ശന്‍ അമ്മ ഉപേക്ഷിച്ചുപോയതിന് പിന്നാലെ ഭയന്നുവിറച്ചിരുന്ന പേരക്കുട്ടികളെ ആശ്വസിപ്പിക്കാൻ പോലും തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു.
കുട്ടികളുടെ സുരക്ഷിതത്വത്തെക്കാൾ, മകൾ മോഷ്ടിച്ചുകൊണ്ട് പോയ തന്റെ സ്കൂട്ടർ തിരികെ കിട്ടുന്നതിലായിരുന്നു അദ്ദേഹത്തിന് താല്‍പര്യമെന്നും പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ അദ്ദേഹം പൂർണ്ണമായും വിസമ്മതിക്കുകയും ചെയ്തു. മുത്തശ്ശൻ കൈയൊഴിഞ്ഞതോടെ ബീഡ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ പൊലീസ് കുട്ടികളുടെ ചുമതല ഏറ്റെടുത്തു. നിലവിൽ രണ്ട് കുട്ടികളെയും സുരക്ഷിതമായി ശിശുഭവനിലേക്ക് മാറ്റിയിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

















































