കൊച്ചി: ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹം തള്ളാതെ കെ.വി. തോമസ്. കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യത്തിന് പലരുമായും കൂടിക്കാഴ്ച നടത്താറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാനത്തിന് ഡൽഹിയിൽ പ്രത്യേക പ്രതിനിധിയായി ആരെയെങ്കിലും നിലനിർത്തണോ എന്ന് തീരുമാനിക്കേണ്ടത് പുതിയ സർക്കാരാണെന്നും തോമസ് കൂട്ടിച്ചേർത്തു.
കൂടുമാറ്റസാധ്യതകളെക്കുറിച്ചുള്ള മാധ്യപ്രവർത്തകരുടെ ചോദ്യത്തെ തോമസ് നിഷേധിച്ചില്ല. “നിങ്ങൾക്ക് ഒത്തിരി കഥകൾ കൊടുക്കാം. ഞാൻ ഇവിടെ അൻപത് വർഷമായി രാഷ്ട്രീയത്തിലുണ്ട്. പത്തിരുപത് വർഷമായി നേരിട്ട് കാണുന്ന ആളുകളല്ലേ. ഒത്തിരി പേരെ കാണാറുണ്ട്. ബി.എൽ. സന്തോഷ് അടക്കമുള്ളവരെ ഇന്നല്ല, വർഷങ്ങളായി കാണുന്നതാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന കെ.വി. തോമസ്, തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ് ഓഫീസ് ഒഴിഞ്ഞിരുന്നു. ബുധനാഴ്ച ഡൽഹി കേരള ഹൗസിലെത്തി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായും അടുത്ത ദിവസങ്ങളിൽ തോമസ് കൂടിക്കാഴ്ച നടത്താനിടയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മറ്റ് ചില സംസ്ഥാനങ്ങൾ തങ്ങളെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തെ പരിഗണിക്കുന്നുവെന്ന സൂചനകളും രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയാകുന്നു.
കോൺഗ്രസ് നേതാവായിരുന്ന കെ.വി. തോമസ് സംസ്ഥാന മന്ത്രിസഭയിലും യു.പി.എ. സർക്കാരിന്റെ കാലത്ത് കേന്ദ്ര മന്ത്രിസഭയിലും അംഗമായിരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ കോൺഗ്രസുമായി അകന്ന അദ്ദേഹം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെ ഇടത് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതിനെ തുടർന്ന് 2022-ൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ടു.


















































