വാഷിംഗ്ടൺ: റഷ്യൻ എണ്ണയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റ് തീരുമാനിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതോടെയാണ് ഈ സുപ്രധാന നടപടി. ഇതോടെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോളതലത്തിലുള്ള ഇന്ധന ഇറക്കുമതിക്കാരെ യുഎസ് പൂർണ്ണമായും വിലക്കി. പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയിലുണ്ടായ കടുത്ത വിതരണ തടസങ്ങളും വിലക്കയറ്റവും താൽക്കാലികമായി ശാന്തമാക്കുന്നതിനായാണ് ട്രംപ് ഭരണകൂടം ഒരു മാസം നീണ്ടുനിന്ന ഈ അടിയന്തര ഇളവ് പ്രഖ്യാപിച്ചിരുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള ഇന്ധന ക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാനായിരുന്നു ട്രംപ് ഭരണകൂടം ഒരു മാസം നീണ്ടുനിന്ന അടിയന്തര ഇളവ് പ്രഖ്യാപിച്ചത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോക ഇന്ധനവിതരണം വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിൽ കടലിൽ കെട്ടിക്കിടന്ന റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ പോലുള്ള വലിയ ഉപഭോക്തൃ രാജ്യങ്ങൾക്ക് അമേരിക്ക പ്രത്യേക അനുമതി നൽകിയിരുന്നു. ഇളവ് കാലയളവിൽ ഇന്ത്യ പ്രതിദിനം 2.3 ദശലക്ഷം ബാരൽ വരെ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വൻ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്ന തീരുമാനമാണ് യുഎസ് നടപ്പിലാക്കാൻ പോകുന്നത്.
പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ മറ്റു ഇന്ധന സ്രോതസ്സുകൾ തേടേണ്ട സാഹചര്യമുണ്ടാകും. ആഗോള എണ്ണവിതരണം വീണ്ടും ചുരുങ്ങാൻ സാധ്യതയുള്ളതിനാൽ ഇന്ധനവില ഉയരാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
യുദ്ധം ആരംഭിച്ചതിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലാണ് തുടരുന്നത്. അമേരിക്കയിൽ പോലും പെട്രോൾ വില ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ പുതിയ ഉപരോധം ആഗോള വിപണിയിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
















































